ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടം
ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനക്കൂട്ടം. ഇന്നലെ രാത്രി തിരുനക്കരയിലേക്ക് എത്തേണ്ട വിലാപയാത്ര നിലവില്‍ പെരുന്നയിലാണ് ഉള്ളത്.
അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തിയതോടെ നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി. നിലവില്‍ രാവിലെ എട്ട് മണിയോടെ ഭൗതികശരീരവുമായി തിരുനക്കരയിലേക്ക് എത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.കോട്ടയം ഡി സി സിയില്‍ അല്‍പ്പനേരം പൊതുദര്‍ശനത്തിന് വെച്ച ശേഷമാകും ഭൗതികശരീരം തിരുനക്കരയിലേക്കും തുടര്‍ന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകുക. തിരുനക്കരയില്‍ പൊതുദര്‍ശനത്തിനായുള്ള സൗകര്യങ്ങള്‍ ഇന്നലെമുതല്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. നിലവില്‍ വിലാപയാത്ര വൈകുന്നതോടെ സംസ്കാരവും വൈകാനാണ് സാധ്യത.അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു അത്. അത് നിറവേറ്റും. ഇത് കത്തായി സര്‍ക്കാരിന് നല്‍കിയതായും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.