അവയവദാന ശസ്ത്രക്രിയ സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
ചാത്തന്നൂര്‍: അവയവദാന ശസ്ത്രക്രിയ സാധാരണക്കാര്‍ക്കും ഉപയോഗപ്രദമാക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
ചിറക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവില്‍ സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവാക്കി ചെലവേറിയ രീതിയിലാണ് അവയവമാറ്റ ശസ്ത്രക്രിയയും അതിനോടനുബന്ധിച്ചുള്ള ചികിത്സകളും നടക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്തക്ക രീതിയില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലും ഇതിനുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
രോഗത്തിനുള്ള ചികിത്സക്കൊപ്പം രോഗം വരാതിരിക്കാനുള്ള രോഗപ്രതിരോധ നടപടികള്‍കൂടി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ശൈലി ആപ്പിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചിറക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി ഇ ഹെല്‍ത്ത് പദ്ധതികൂടി നടപ്പാക്കിക്കൊണ്ട് പേപ്പര്‍ രഹിത ആശുപത്രിയാക്കി മാറ്റുമെന്നും വീണ ജോര്‍ജ് പറഞ്ഞു. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍, ജില്ല പഞ്ചായത്ത് അംഗം ആശാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശര്‍മ, സി. ശകുന്തള, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീണ്‍, പഞ്ചായത്ത് അംഗം എല്‍. രാഗിണി, എം.ആര്. രതീഷ്, നാഷനല്‍ ഹെല്‍ത്ത് മിഷൻ ജില്ല പ്രോഗ്രാം ഓഫിസര്‍ ദേവ് കിരണ്‍, പഞ്ചായത്ത് സെക്രട്ടറി ആര്. സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി, മെഡിക്കല്‍ ഓഫിസര്‍ ഡോ. അഞ്ജനബാബു എന്നിവര്‍ സംസാരിച്ചു. ആശുപത്രിക്കുവേണ്ടി വസ്തു വിട്ടുനല്‍കിയ ഡോ. രവീന്ദ്രനെ ആദരിച്ചു.