ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 അഞ്ചാം വട്ടവും വിജയകരമായി ഭ്രമണപഥമുയര്‍ത്തി.
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 അഞ്ചാം വട്ടവും വിജയകരമായി ഭ്രമണപഥമുയര്‍ത്തി. ചാന്ദ്ര പേടകത്തിന്റെ അവസാനത്തെയും അഞ്ചാമത്തേയും ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്ന് നടന്നത്.
നിലവില്‍ 12,7609-236 കി.മീ ഭ്രമണപഥത്തിലാണ് ചന്ദ്രായൻ 3 ഭൂമിയെ വലംവെയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് ഐഎസ്‌ആര്‍ഒ ഫയറിംഗ് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയയിലൂടെ ഭ്രമണപഥം ഉയര്‍ത്തിയത്.
ഇതോടെ ചന്ദ്രയാൻ ഭൂമിക്ക് മുകളില്‍ ഒരുലക്ഷം കിലോമീറ്റര്‍ ഉയരത്തിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങും. ഒരു തവണ കൂടി ഈ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ വലംവെച്ച ശേഷമായിരിക്കും പേടകം ചന്ദ്രന്റെ കാന്തിക മണ്ഡലത്തിലേയ്ക്ക് നീങ്ങുക. ഓഗസ്റ്റ് ഒന്നോടെ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. ജൂലായ് 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചാലും പടിപടിയായി ആയിരിക്കും പേടകം ഉപഗ്രഹത്തിനോട് അടുക്കുക. പ്രൊപല്‍ഷൻ മൊഡ്യൂള്‍ ഉപയോഗിച്ച് ചന്ദ്രന് നൂറ് കിലോമീറ്ററോളം അടുത്തതിന് ശേഷമായിരിക്കും റോവറിനെ വഹിക്കുന്ന ലാൻഡര്‍ സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമം നടത്തുക. ഓഗസ്റ്റ് 23നായിരിക്കും പേടകം ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്തെത്തുക.