മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ 

July 26, 2023
85
Views

മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം.

ബംഗളൂരു : മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം. പാതയില്‍ അപകടങ്ങള്‍ കൂടുകയും ഇടക്കിടെ യാത്രക്കാര്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

ട്രാക്ടറുകള്‍, മള്‍ട്ടി ആക്സില്‍ ഹൈഡ്രോളിക് ട്രെയിലര്‍ വാഹനങ്ങള്‍ എന്നിവക്കും നിരോധനമുണ്ട്. അതിവേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവ തടസ്സം ഉണ്ടാക്കുന്നുവെന്നും അവ മറ്റു വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുന്നതായും ഇതിനാലാണ് ഇത്തരം വാഹനങ്ങളെ നിരോധിക്കുന്നതെന്നും അതോറിറ്റി അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയില്‍ മരിച്ചത്. 223 അപകടങ്ങളിലായി 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച്‌ 12 വരെ 100 പേരാണ് മരിച്ചത്. 150 പേര്‍ക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച്‌ 12നാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്ബേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു. പാതയില്‍ ചന്നപട്ടണ മുതല്‍ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടമരണങ്ങള്‍ നടന്നത്. ജൂണ്‍ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സര്‍വിസ് റോഡുകള്‍, സുരക്ഷ-സൂചക ബോര്‍ഡുകള്‍, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

ഇത്രയധികം വേഗമുള്ള ഒരു പാതക്ക് ആവശ്യമായ രൂപത്തില്‍ ഇവിടെ സൂചന ബോര്‍ഡുകള്‍ ഇല്ലെന്ന് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എ.ഡി.ജി.പി അലോക് കുമാര്‍ പറയുന്നു. വളഞ്ഞുപുളഞ്ഞുകിടക്കുന്ന പാതയുടെ പ്രത്യേകതയും അപകടത്തിനിടയാക്കുന്നു. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും വലിയ അളവില്‍ അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. 8480 കോടി രൂപയാണ് 118 കിലോമീറ്ററുള്ള പാതയുടെ നിര്‍മാണ ചെലവ്.

പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വിസ് റോഡുകളുമാണുള്ളത്. പണി പൂര്‍ത്തിയായ ഭാഗങ്ങള്‍ ഉദ്ഘാടനത്തിന് മുമ്ബുതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. അന്നുമുതല്‍ അപകടങ്ങളും ഏറി. ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപാസുകള്‍ എന്നിവയടങ്ങിയതാണ് അതിവേഗപാത.

പാതയില്‍ യാത്ര ചെയ്യാൻ വൻതുകയാണ് ടോളായി നല്‍കേണ്ടത്. ഇതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അതിവേഗപാതയിലെ കൂടിയ വേഗം മണിക്കൂറില്‍ 80 കിലോമീറ്ററിനും 100 കിലോമീറ്ററിനും ഇടയിലാണ്. വാഹനങ്ങളുടെ അതിവേഗം കണ്ടുപിടിക്കാനും നിയമനടപടി സ്വീകരിക്കാനും ഈയടുത്ത് പൊലീസ് മൊബൈല്‍ സ്പീഡ് റഡാര്‍ ഗണ്‍ സ്ഥാപിച്ചിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *