ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാക് കുറ്റം സമ്മതിച്ചു
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്‌ഫാക് കുറ്റം സമ്മതിച്ചുവെന്ന് എസ് പി. കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം പൊലീസിനോട് പറഞ്ഞത് പ്രതിയാണ്.
കുട്ടിയെയെ മറ്റൊരാള്‍ക്ക് കെെമാറിയെന്ന് പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നുവെന്ന് എസ് പി പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അറിയിച്ചു.
സംഭവം അന്വേഷിക്കാൻ ഒരു സ്പെഷ്യല്‍ ടീമിനെ രൂപികരിച്ചിട്ടുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഇന്നലെ ആറ് മണിയ്ക്ക് അസ്‌ഫാക് ഒരു അടിപിടിനടത്തിയെന്നും ഈ സമയത്ത് കുട്ടി ഒപ്പം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. മൂന്നര മണിയ്ക്ക് കുട്ടിയുമായി ഇയാള്‍ ആലുവ മാര്‍ക്കറ്റില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചുവരുമ്ബോള്‍ പ്രതിയുടെ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആറ് മണിയ്ക്ക് മുൻപ് കൊലപാതകം നടന്നതായാണ് സൂചന. പ്രതിയെ തെളിവെടുപ്പിന് മാര്‍ക്കറ്റില്‍ എത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രശ്നമുണ്ടാക്കി. ഇതിനെ തുടര്‍ന്ന് പൊലീസ് തെളിവെടുപ്പ് നടത്താതെ പ്രതിയുമായി മടങ്ങി.
അസം സ്വദേശിയായ അസ്ഫാക് ആലം ഇന്നലെയാണ് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ വൈകുന്നേരം ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്ന് ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാണ് പ്രതിയായ അസ്ഫാകിനെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് ആലുവ മാര്‍ക്കറ്റിന് പുറകില്‍ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്.