മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളുമായി വ്യവസായി എം.എ.യൂസഫലിയെത്തി.
കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥനാ പുഷ്പങ്ങളുമായി വ്യവസായി എം.എ.യൂസഫലിയെത്തി.
ഇന്നലെ ഉച്ചയോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ കല്ലറയില്‍ എത്തി അദ്ദേഹം പുഷ്പചക്രം സമര്‍പ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ ആശ്വസിപ്പിച്ചു.
ജോര്‍ജ്ജിയൻ പബ്ലിക്ക് സ്‌കൂളില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ യൂസഫലി ഉമ്മൻചാണ്ടിയുടെ സഹോദരി അച്ചാമ്മ മാത്യുവിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയം, അച്ചു എന്നിവരുമായി സംസാരിച്ചശേഷമാണ് കല്ലറയിലെത്തിയത്. ” പ്രതിസന്ധികളില്‍ തളരാത്ത അപൂര്‍വ രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം കൊച്ചിൻ എയര്‍പോര്‍ട്ട് ചെയര്‍മാനായിരുന്നപ്പോള്‍ ഞാൻ വൈസ് ചെയര്‍മാനായിരുന്നു. മറ്റ് പല കമ്മിറ്റികളിലും ഞങ്ങള്‍ ഒന്നിച്ചിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം, ജനോപകാരപ്രദമായ കാര്യങ്ങള്‍, ഇച്ഛാശക്തി എന്നിവ നേരിട്ട് അനുഭവിച്ചവരാണ് നമ്മളെല്ലാവരും. ജനങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഇടപെട്ട് കൊണ്ടിരുന്നു. മരണവിവരം അറിഞ്ഞപ്പോള്‍ വിദേശത്തായിരുന്നെങ്കിലും ചാണ്ടിയെ വിളിച്ചിരുന്നു. ഇപ്പോള്‍ നാട്ടിലേക്ക് വന്നത് ഇവിടേക്ക് എത്താനാണ്. അത് എന്റെ ബാദ്ധ്യതയാണ് – യൂസഫലി പറഞ്ഞു.