ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെ 10 നിലയുള്ള രാജസ്ഥാൻ ആശുപത്രിയില്‍ തീപ്പിടിത്തം.
അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദ് നഗരത്തിലെ 10 നിലയുള്ള രാജസ്ഥാൻ ആശുപത്രിയില്‍ തീപ്പിടിത്തം. തുടര്‍ന്ന് 125 രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.
ഇവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
നവീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലെ പല സാധനങ്ങളും കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ഈ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ആശുപത്രി നടത്തുന്നത്.