വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എല്‍.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ.
ന്യൂഡല്‍ഹി : വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പി.എസ്.എല്‍.വി സി56 വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ. ഏഴ് വിദേശ ഉപഗ്രഹങ്ങളുമായാണ് ഇസ്രോയുടെ റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്നും ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു വിക്ഷേപണം. സിംഗപ്പൂരിന്റെ ഡി.എസ്-എസ്.എ.ആര് ഉപഗ്രഹവും മറ്റ് ആറ് ചെറു ഉപഗ്രഹങ്ങളുമാണ് ഇസ്രോ വിക്ഷേപിച്ചത്.
വിക്ഷേപണം നടന്ന് 20 മിനിറ്റിനുള്ളില്‍ ഏഴ് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചുവെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു. 360 കിലോഗ്രാം ഭാരമുള്ള ഡി.എസ്-എസ്.എ.ആര് ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു ഐ.എസ്.ആര്.ഒ ലക്ഷ്യം. ഇതാണ് ഇസ്രോ വിജയകരമായി പൂര്‍ത്തീകരിച്ചത്.
23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോണ്‍സ്ട്രേഷൻ മൈക്രോസാറ്റലൈറ്റായ വെലോക്സ് എ.എം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍ (ആര്‍ക്കേഡ്), സ്കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും ഇസ്രോ ഇന്ന് വിക്ഷേപിച്ചു.