ചാന്ദ്രയാന്‍ 3 ; നിര്‍ണായക വഴിതിരിയല്‍ ഇന്ന്‌ അര്‍ധരാത്രിക്കുശേഷം

July 31, 2023
44
Views

ചാന്ദ്രയാൻ 3ന്റെ നിര്‍ണായക വഴിതിരിയല്‍ തിങ്കള്‍ അര്‍ധരാത്രിക്കുശേഷം.

തിരുവനന്തപുരം ചാന്ദ്രയാൻ 3ന്റെ നിര്‍ണായക വഴിതിരിയല്‍ തിങ്കള്‍ അര്‍ധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂര്‍ത്തിയാക്കി ചൊവ്വ പുലര്‍ച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും.

12.05ന് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ട്രാക്കിങ് സ്റ്റേഷനായ ഇസ്ട്രാക്കില്‍ ആരംഭിക്കും.

നിലവില്‍ 236–-1,27,609 കിലോമീറ്റര്‍ എന്ന പഥം വഴി എത്തുന്ന പേടകത്തിലേക്ക് പ്രത്യേക കമാന്റ് ഇസ്ട്രാക്ക് നല്‍കും. ഇത് സ്വീകരിച്ച്‌ പേടകത്തിലെ ത്രസ്റ്റര്‍ 20 മിനിട്ട് ജ്വലിക്കും. 180 കിലോ ഇന്ധനമാണ് ഇതിനായി ഉപയോഗിക്കുക. ഭൂഗുരുത്വാകര്‍ഷണം ഭേദിച്ച്‌ ചന്ദ്രനിലേക്ക് നേരിട്ട് കുതിക്കാനുള്ള ശേഷി ഇതുവഴി ലഭിക്കും. 3.67 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ വലയത്തിലേക്ക് ആഗസ്ത് അഞ്ചിന് പേടകം കടക്കും. ഇതിനിടയില്‍ നേരിയ പാത തിരുത്തല്‍ പ്രക്രിയ ഉണ്ടാകും. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുംമുമ്ബ് വേഗത കുറച്ച്‌ നിയന്ത്രിക്കും. ലിക്വിഡ് അപോജി മോട്ടോര്‍ വിപരീതദിശയില്‍ ജ്വലിപ്പിച്ചാകുമിത്. 170 നും 17,000 കിലോമീറ്ററിനും ഇടയില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പഥത്തിലാകും ആദ്യം പേടകം ചന്ദ്രനെ ചുറ്റുക. തുടര്‍ന്ന് പടിപടിയായി പഥം താഴ്ത്തും. ആഗസ്ത് പകുതിക്കുശേഷം ലാന്ററും റോവറും അടങ്ങുന്ന പേടകം ചന്ദ്രന്റെ നൂറു കിലോമീറ്റര്‍ അടുത്തുള്ള പഥത്തിലെത്തും. ഇവിടെവച്ച്‌ പ്രൊപ്പല്‍ഷൻ മോഡ്യൂള്‍ വേര്‍പെടും. 23ന് വൈകിട്ട് 5.45ന് ദക്ഷിണ ധ്രുവത്തിലെ നിശ്ചിത സ്ഥലത്ത് സോഫ്റ്റ് ലാന്റ് ചെയ്യും. ദൗത്യം വിജയകരമാണെങ്കില്‍ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്യുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *