തെക്കൻ ബാത്തിന മുതല്‍ മസ്കത്ത് വരെ തീരത്ത് ‘ചുവന്ന വേലിയേറ്റം’ എന്ന സമുദ്ര പ്രതിഭാസം മൂലം നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങി.
മസ്കത്ത്: തെക്കൻ ബാത്തിന മുതല്‍ മസ്കത്ത് വരെ തീരത്ത് ‘ചുവന്ന വേലിയേറ്റം’ എന്ന സമുദ്ര പ്രതിഭാസം മൂലം നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങി.
ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം രംഗത്തെത്തി. അപ്രതീക്ഷിതമായ പ്രതിഭാസം കാരണമായി രാജ്യത്തെ വിവിധ തീരപ്രദേശങ്ങളില്‍ മീനുകള്‍ ചത്തു കരക്കടിഞ്ഞിട്ടുണ്ട്.
ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പായലിന്‍റെ വര്‍ധനയാണ് പ്രതിഭാസത്തിന് കാരണമെന്നാണ് മറൈൻ സയൻസസ് ആൻഡ് ഫിഷിങ് സെന്‍റര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
വിവിധ സ്ഥലങ്ങളില്‍ പല രൂപത്തിലാണ് ചുവപ്പുനിറത്തില്‍ വേലിയേറ്റം ദൃശ്യമാകുന്നത്. മസ്കത്തില്‍ വലിയ രീതിയില്‍ ഇത് ദൃശ്യമല്ലെങ്കിലും സീബിലും മറ്റും അല്‍പം കൂടുതലായി കാണുന്നുണ്ട്. മത്സ്യം കഴിക്കാതിരിക്കുന്നതുപോലെ ഇത്തരം സ്ഥലങ്ങളില്‍ മത്സ്യബന്ധനം ഒഴിവാക്കുകയും വേണം -സെന്‍റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഖുറം ബീച്ചില്‍ വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയവര്‍ ചത്ത മത്സ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണ കണ്ടുവരാത്ത കാഴ്ചയാണിതെന്ന് ബീച്ചിലെ സ്ഥിരം സന്ദര്‍ശകര്‍ പറയുന്നു. ചുവന്ന വേലിയേറ്റം കുടിവെള്ളത്തിന്‍റെ വിതരണത്തെ ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഉപ്പുവെള്ളം സംസ്കരിച്ച് കുടിവെള്ള വിതരണം ചെയ്യുന്ന ബര്‍ക പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നേരത്തെ തടസ്സപ്പെട്ടിരുന്നു.
കടലിലും ശുദ്ധജലത്തിലും കാണപ്പെടുന്ന പായലുകളാണ് ചുവന്ന വേലിയേറ്റമായി രൂപാന്തരപ്പെടുന്നത്. അതിവേഗം വ്യാപിക്കുന്നതാണിത് എന്നതാണ് ഇവയുടെ പ്രത്യേകത. മത്സ്യങ്ങള്‍ക്കും മനുഷ്യനും പക്ഷികള്‍ക്കും മറ്റു കടല്‍ ജീവജാലങ്ങള്‍ക്കും ഭീഷണിയാണിത്.