മനുഷ്യനെ ആഴക്കടലിലേക്ക് അയക്കുന്ന ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യ.
മനുഷ്യനെ ആഴക്കടലിലേക്ക് അയക്കുന്ന ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. സമുദ്ര പര്യവേഷണം, സമുദ്ര വിഭവങ്ങളെ കുറിച്ചുള്ള പഠനം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് രാജ്യം പദ്ധതി രൂപീകരിച്ചിരിക്കുന്നത്.
‘സമുദ്രയാൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2026-ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യാഴായ്ച രാജ്യസഭയെ അറിയിച്ചു. മത്സ്യ6000 എന്ന പേടകത്തില്‍ 6000 മീറ്റര്‍ താഴ്ചയില്‍ മനുഷ്യനെ സമുദ്രത്തിനടിയിലേക്ക് എത്തിക്കുക എന്നതാണ് സമുദ്രയാനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആഴക്കടല്‍ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ആവാസവ്യവസ്ഥയെ തടസപ്പെടുത്താത്ത രീതിയിലാകും ദൗത്യം നടക്കുക.
മനുഷ്യനെ ഗവേഷണത്തിനായി സമുദ്രത്തിന് അടിത്തട്ടില്‍ എത്തിക്കുന്ന രാജ്യത്തിന്റെ ആദ്യ പദ്ധതിയാണ് സമുദ്രയാൻ. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയര്‍ത്തുക, തൊഴില്‍, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ആവിഷ്കരിച്ച ബ്ലൂ എക്കണോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് സമുദ്രയാൻ പദ്ധതി. ചെന്നൈയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്.
മത്സ്യ6000 എന്നാണ് പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന സമുദ്ര പേടകത്തിന് നല്‍കിയിരിക്കുന്ന പേര്. സാധാരണ ജോലികള്‍ക്കായി 12 മണിക്കൂര്‍ വരെ സമുദ്രത്തില്‍ കഴിയാൻ സാധിക്കുന്നതും അടിയന്തിര ഘട്ടങ്ങളില്‍ 96 മണിക്കൂര്‍ വരെ സമുദ്രത്തിനടിയില്‍ കഴിയാൻ സാധിക്കുന്ന തരത്തിലുമാണ് മത്സ്യ6000 നിര്‍മ്മിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായി 4077 കോടി രൂപയാണ് ഡീപ്പ് ഓഷ്യൻ മിഷന് വേണ്ടിയുള്ള ചിലവ്. നിലവില്‍ യുഎസ്, റഷ്യ, ഫ്രാൻസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് കീഴില്‍ ഇത്തരത്തിലുള്ള പദ്ധതി നടന്നുവരുന്നുണ്ട്. സമുദ്രയാൻ വിജയിക്കുന്നതോടെ ഇന്ത്യയും ഈ ചരിത്രത്തിന്റെ ഭാഗമാകും.