രാജ്യത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ നടക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: രാജ്യത്ത് ഈ മാസം അഞ്ച് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍ നടക്കുമെന്ന് അല്‍ ഉജൈരി സയന്റിഫിക് സെന്റര്‍ വ്യക്തമാക്കി.
അവ കാണാനും ആസ്വദിക്കാനും കഴിയും.
ഭൂമിയോട് ഏറ്റവും അടുത്തുള്ള ഘട്ടമായതിനാല്‍ നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി കാണാവുന്ന ചന്ദ്രൻ ഈ മാസം ഒന്നുമുതല്‍ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. ആഗസ്റ്റ് 10ന് വൈകീട്ട് ബുധൻ ഗ്രഹം സൂര്യനില്‍നിന്ന് ഏറ്റവും അകലെ ദൃശ്യമാകും. ആഗസ്റ്റ് 12നും 13നും ഇടയില്‍ ‘പെര്‍ഷാവിസ്’ എന്നറിയപ്പെടുന്ന ഉല്‍ക്കകളുടെ വര്‍ഷവും ഉണ്ടാകും. ഈ വര്‍ഷം ഏറ്റവും സജീവമായതും കുവൈത്തിന്റെ ആകാശത്ത് രാത്രിയില്‍ കാണാൻ കഴിയുന്നവയുമാകും ഇവയെന്ന് അല്‍ റായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 27ന് സൂര്യനില്‍നിന്ന് ഭൂമിയുടെ മറുവശത്ത് ശനി ഗ്രഹം പ്രത്യക്ഷപ്പെടുമെന്നും ഉജൈരി സയന്റിഫിക് സെന്റര്‍ പറയുന്നു. സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ ഇത് ദൃശ്യമാകും. ആഗസ്റ്റ് അവസാനം രണ്ടാമത്തെ പൂര്‍ണചന്ദ്രനും കുവൈത്തിന്റെ ആകാശത്തെ പ്രകാശിപ്പിക്കും. ഇതോടെ ഒരേ മാസത്തില്‍ രണ്ട് പൂര്‍ണചന്ദ്രന്മാര്‍ ഉണ്ടാകും.