നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും
നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് 5:00 മണിക്കാണ് നട തുറക്കുക. 10-ാം തീയതി പുലര്‍ച്ചെ 5:45-നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകള്‍ നടക്കും.
ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെല്‍ക്കതിരുകള്‍ 10-ന് പുലര്‍ച്ചെ പതിനെട്ടാം പടിയില്‍ നിന്ന് സ്വീകരിച്ച ശേഷം, കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവരര് നെല്‍ക്കതിരുകള്‍ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. ഭഗവാന് മുന്നില്‍ കതിരുകള്‍ വച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം, നട തുറന്ന് ആദ്യം പൂജിച്ച നെല്‍ക്കതിരുകള്‍ ശ്രീകോവിലിന് മുൻപില് കെട്ടിയിടും. തുടര്‍ന്ന് ഭക്തര്‍ക്ക് നെല്‍ക്കതിരുകള്‍ വിതരണം ചെയ്യുന്നതാണ്.
തിരുവിതാംകൂര്‍ കൊട്ടാരമാണ് നിറപുത്തരിയുടെ ദിനവും മുഹൂര്‍ത്തവും നിശ്ചയിക്കുന്നത്. ഈ മുഹൂര്‍ത്തത്തില്‍ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും നിറപുത്തരി മഹോത്സവം ആഘോഷിക്കും. പാലക്കാടിനു പുറമേ, അച്ചൻകോവില്‍, ആറന്മുള എന്നിവിടങ്ങളില്‍ നിന്നും നിറപുത്തരിക്കായി നെല്‍ക്കതിരുകള്‍ എത്തിക്കാറുണ്ട്. നിറപുത്തരി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, അന്നേദിവസം രാത്രി 10:00 മണിക്ക് തന്നെ നട അടയ്ക്കുന്നതാണ്. തുടര്‍ന്ന് ചിങ്ങമാസ പൂജകള്‍ക്കായി 16-ാം തീയതി നട തുറക്കും. ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തും, നിലയ്ക്കല്‍, പമ്ബ എന്നിവിടങ്ങളില്‍ നിന്ന് സ്പോട്ട് ബുക്കിംഗ് നടത്തിയും ദര്‍ശനം നടത്താവുന്നതാണ്.