മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയില്‍ കടലില്‍ കാണാതായി.
ഫുജൈറ: മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയില്‍ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ (34) കപ്പലിന്‍റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികള്‍ക്കിടയിലാണ് കാണാതായത്.
പത്തു വര്‍ഷത്തിലധികമായി ഡൈവിങ് രംഗത്ത് ജോലിചെയ്യുന്ന അനില്‍ ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളുകൂടിയാണ്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്‍റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പര്‍വൈസറായിരുന്നു അനില്‍. അതിസാഹസികമായ അപകടം നിറഞ്ഞ ഈ ജോലിയില്‍ വിദഗ്ധരായ ഡൈവര്‍മാര്‍ക്കു മാത്രമാണ് അനുമതി ലഭിക്കുക. കൂടെ ജോലിയിലുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായതുകൊണ്ട് ഞായറാഴ്ച അനില്‍തന്നെയാണ് ജോലിക്കായി കപ്പലിന്‍റെ ഹള്ളില്‍ പ്രവേശിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും അനില്‍ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കപ്പല്‍ അധികൃതര്‍ ഫുജൈറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്. ഇതുവരെയായി വിവരം ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ടവരില്‍നിന്നും അറിഞ്ഞത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്‍റെ കപ്പലിലാണ് അകപ്പെട്ടതെന്നാണ് ലഭിച്ച വിവരം.
കപ്പലിന്‍റെ അടിത്തട്ടില്‍ കുടുങ്ങുക, അകത്തേക്ക് വലിക്കാൻ കഴിവുള്ള യന്ത്രത്തില്‍പെട്ടുപോകുക എന്നിവയാണ് ഹള്ളിനുള്ളില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍. അനില്‍ കപ്പലിന്‍റെ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.
അനിലിന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓക്‌സിജൻ സിലിണ്ടറാണ് ജീവൻ നിലനിര്‍ത്താനുള്ള ഏക പ്രതീക്ഷ. ഭാര്യ ടെസിയോടും നാലു വയസ്സുകാരി കുഞ്ഞിനുമൊപ്പമാണ് അനില്‍ ഫുജൈറയില്‍ താമസിക്കുന്നത്.