പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണം സംബന്ധിച്ച് രൂപരേഖയായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയില്‍ പ്രചരണത്തിനെത്തും. രണ്ട് ഘട്ടങ്ങളിലായാകും മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചാരണം നടത്തുക.
ഓഗസ്റ്റ് 16ന് എല്‍ഡിഎഫിന്‍റെ മണ്ഡലം കണ്‍വെൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. അതേസമയം ജെയ്ക്ക് സി തോമസ് തന്നെ മൂന്നാം തവണയും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഓഗസ്റ്റ് 17ന് തന്നെ ഇടത് സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പതിവുപോലെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് സിപിഎം പുതുപ്പള്ളിയിലേക്ക് ആസൂത്രണം ചെയ്യുന്നത്. ശക്തമായ പോരാട്ടം നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ബുത്തുകള്‍ തിരിച്ച് തെരഞ്ഞെടുപ്പ് ചുമതല നല്‍കി കഴിഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പടെ ഇടതുമുന്നണിയിലെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും.
ഇത്തവണ ജെയ്ക്കിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് സിപിഎം സംസ്ഥാനനേതൃത്വത്തിന് മുന്നില്‍ വെക്കുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ഉമ്മൻ ചാണ്ടിക്കെതിരെ മികച്ച പോരാട്ടമായിരുന്നു ജെയ്ക് സി തോമസ് നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം ഒൻപതിനായിരത്തിലേക്ക് എത്തിക്കാൻ ജെയ്ക്കിന് കഴിഞ്ഞു. പതിറ്റാണ്ടുകള്‍ക്കുശേഷം ഉമ്മൻചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷ്യം വഹിക്കുമ്ബോള്‍ ജെയ്ക്കിലൂടെ അട്ടിമറി വിജയം നേടാമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മിനുള്ളത്.
മണര്‍കാട് സ്വദേശിയായ ജെയ്ക്ക് നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവുമാണ്.