സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിലേക്ക് പ്രത്യേക അഥിതിയായി കോഴിക്കോടുകാരന്‍ ശെല്‍വരാജും

August 13, 2023
12
Views

ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാൻ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പ്രത്യേക അതിഥികളായി ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാൻ വിവിധ മേഖലകളില്‍ നിന്നുള്ളവരെ പ്രത്യേക അതിഥികളായി ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, അധ്യാപകര്‍, നഴ്‌സുമാര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, കരകൗശല വിദഗ്ധൻ, സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരാണ് സര്‍ക്കാറിന്റെ ക്ഷണം ലഭിച്ച അതിഥികള്‍.

പ്രധാനമന്ത്രി വികാസ് പദ്ധതിയുടെ ഗുണഭോക്താവായ കോഴിക്കോട് ജില്ലയിലെ പൊറ്റമ്മല്‍ സ്വദേശിയായ കരകൗശലവിദഗ്ധനും സ്വര്‍ണപ്പണിക്കാരനുമായ ശെല്‍വരാജ് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലേക്ക് പോവുന്ന സംഘത്തിലുണ്ട്. തമിഴ് വിശ്വകര്‍മ വിഭാഗക്കാരനായ ശെല്‍വരാജിന് തലമുറയായി കൈമാറിക്കിട്ടിയ കുലത്തൊഴിലാണ് സ്വര്‍ണപ്പണി.

ഏറെ താല്‍പര്യത്തോടെയാണ് താൻ ഈ തൊഴില്‍ മേഖല തിരഞ്ഞെടുത്തത്. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അംഗീകാരവും അവസരവും ലഭിക്കുന്നത്. ഇത് ഒരു അവാര്‍ഡിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കഴിയുമെന്നതില്‍ ഞാൻ സന്തോഷവാനാണ്. ഇത് എന്റെ ഭാഗ്യമായി കരുതുന്നു. ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ സുഹൃത്തുക്കളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും എന്റെ ഈ നേട്ടം വളരെയേറെ ആഘിക്കുന്നു,” അദ്ദേഹം പറഞ്ഞു.

വെള്ളികൊണ്ട് ലോകകപ്പിന്റെ മാതൃകതീര്‍ത്തും സ്വര്‍ണത്തില്‍ കംപ്യൂട്ടറിന്റെ രൂപമുണ്ടാക്കിയും ശ്രദ്ധേയനായ വ്യക്തിയാണ് ശെല്‍വരാജ്. നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാൻ ക്ഷണിക്കപ്പെട്ട 1,700 ഓളം ആളുകളില്‍ ഏകദേശം 60 കരകൗശല വിദഗ്ധരാണ് ഉള്‍പ്പെടുന്നത്.

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാൻ മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്ന് പിഎം കിലാന്‍ പദ്ധതിയുടെ രണ്ട് ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തത്. “ഡല്‍ഹിയിലെ ചെങ്കോട്ട സന്ദര്‍ശിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. സ്വാതന്ത്ര്യ ദിനത്തില്‍ അവിടെ ഉണ്ടായിരിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായി തോന്നുന്നു.” സ്വാതന്ത്രിനാഘോഷ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അശോക് സുദം ഗുലെ പറഞ്ഞു.

ഹരിയാനയില്‍ നിന്നും മൂന്ന് നഴ്സുമാര്‍ക്കാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇവരുള്‍പ്പെടെ ആകെ 50 നഴ്സുമാരും ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുക്കും. ഫരീദാബാദിലെ ബാദ്ഷാ ഖാൻ സിവില്‍ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കില്‍ നഴ്‌സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന സവിത റാണി, ക്ഷണം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും തന്റെ കുടുംബവും ആശുപത്രി ജീവനക്കാരും സന്തോഷവാനാണെന്നും പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *