നേപ്പാളില്‍നിന്ന് കൂടുതലായി തക്കാളി വന്നുതുടങ്ങിയതോടെ വരുംദിവസങ്ങളില്‍ വില കുറഞ്ഞേക്കുമെന്ന് സൂചന.
മുംബൈ: നേപ്പാളില്‍നിന്ന് കൂടുതലായി തക്കാളി വന്നുതുടങ്ങിയതോടെ വരുംദിവസങ്ങളില്‍ വില കുറഞ്ഞേക്കുമെന്ന് സൂചന. രാജ്യത്തെ തക്കാളി ക്ഷാമം പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും നേപ്പാളില്‍നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചതായി കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനു മറുപടിയായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് തക്കാളി കയറ്റുമതി ചെയ്യാൻ സന്നദ്ധമാണെന്നും എന്നാല്‍, വിപണിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്നും നേപ്പാള്‍ കൃഷിവകുപ്പ് അഭ്യര്‍ഥിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും നേപ്പാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
തക്കാളിയ്ക്കൊപ്പം ഗ്രീൻപീസ് തുടങ്ങി മറ്റ് ഏതാനും പച്ചക്കറികള്‍ക്കൂടി ഇന്ത്യ വാങ്ങണമെന്ന നിബന്ധനയും നേപ്പാള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കിലോയ്ക്ക് 242 രൂപ വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് നേപ്പാളില്‍നിന്നു തക്കാളി ഇറക്കുമതി ചെയ്യാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയില്‍പ്പെട്ട കാഠ്മണ്ഡു, ലളിത്പുര്‍, ഭക്താപുര്‍ ജില്ലകളില്‍ ഇക്കുറി തക്കാളി ഉത്പാദനം ഉയര്‍ന്നതോതിലാണ്.
ഉത്പാദനം കൂടുകയും വില കുറയുകയും ചെയ്തതോടെ നേപ്പാളിലെ തക്കാളി കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. ഇതോടെ ഇന്ത്യയിലെ ക്ഷാമം മുൻനിര്‍ത്തി അനധികൃത കള്ളക്കടത്ത് വ്യാപകമായതോടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാൻ തുടങ്ങിയിരുന്നു.
അതേസമയം, കര്‍ണാടകയില്‍ വിളവെടുപ്പ് ആരംഭിച്ചതോടെ ബംഗളൂരു, മംഗളൂരു വിപണികളില്‍ തക്കാളി വില കിലോയ്ക്ക് 70 രൂപയായി താഴ്ന്നു. മഴക്കെടുതിമൂലം ചരക്കുനീക്കം തടസപ്പെട്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.