തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ ഹിമാചല്‍ പ്രദേശില്‍ വൻ നാശം വിതച്ചു.
ഷിംല: തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ ഹിമാചല്‍ പ്രദേശില്‍ വൻ നാശം വിതച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ സംസ്ഥാനത്ത് ആകെ ഈ മണ്‍സൂണില്‍ മരിച്ചവരുടെ എണ്ണം 257 ആയി.
7020.28 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. മരിച്ച 257 പേരില്‍ 66 പേര്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. 191 പേര്‍ മഴക്കെടുതികള്‍ മൂലമുള്ള റോഡപകടങ്ങളിലും മറ്റുമായാണ് ജീവൻ നഷ്ടപ്പെട്ടത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 7935 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 2727 ഗോശാലകളും 270 കടകളും കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 90 ഉരുള്‍പൊട്ടലും 55 വെള്ളപ്പൊക്കവുമാണ് റിപോര്‍ട്ട് ചെയ്തത്. ഹിമാചലിലെ രണ്ടു ദേശീയപാതകള്‍ ഉള്‍പ്പെടെ 450-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 1814 വൈദ്യുതി വിതരണ പദ്ധതികളും 59 ജലവിതരണ പദ്ധതികള്‍ ഇപ്പോഴും തടസ്സപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, കനത്ത മഴയില്‍ തിങ്കളാഴ്ച ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒമ്ബത് പേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവ സമയത്ത് 50ഓളം പേര്‍ ക്ഷേത്രത്തില്‍ ആരാധനക്കെത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. പൊലീസും അഗ്നിരക്ഷ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. ജാഡോണ്‍ ഗ്രാമത്തിലാണ് ഞായറാഴ്ച രാത്രി മേഘവിസ്ഫോടനം ഉണ്ടായത്. മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സിഖു ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നല്‍കാൻ നിര്‍ദേശം നല്‍കി.