തിരുപ്പതിയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ വന്യമൃഗങ്ങളെ നേരിടാന്‍ ഒരു വടി കരുതണം.
തിരുപ്പതിയില്‍ പോകുന്ന തീര്‍ത്ഥാടകര്‍ വന്യമൃഗങ്ങളെ നേരിടാന്‍ ഒരു വടി കരുതണം. കഴിഞ്ഞയാഴ്ച ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ 6 വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കാല്‍നട പാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ഥാടകര്‍ ഇനി മുതല്‍ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്ബടിയോടെ പോകണമെന്നാണ് ഒരു നിബന്ധന.
വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ സ്വയം പ്രതിരോധിക്കാന്‍ ഓരോ ഭക്തര്‍ക്കും ഒരു മരത്തടിയും നല്‍കും. വഴിയില്‍ കാണുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്കാന് ഭക്തര്‍ ശ്രമിക്കരുത്. അലിപിരിയേയും തിരുമലയേയും ബന്ധിപ്പിക്കുന്ന കാല്‍നട പാതകളിലായി 500 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ആവശ്യമെങ്കില്‍, ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാനും അനിമല്‍ ട്രാക്കര്‍മാരെയും ഡോക്ടര്‍മാരെയും മുഴുവന്‍ സമയവും ലഭ്യമാക്കാനും തീരുമാനമുണ്ട്. കാല്‍നടയാത്രക്കാരുടെ പാതയ്ക്ക് ചുറ്റും 30 മീറ്ററോളം ദൃശ്യപരതയുള്ള ഫോക്കസ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു.
ഏഴാം മൈല്‍, ഗാലിഗോപുരം, അലിപിരി, മറ്റ് പ്രധാന പോയിന്റുകള്‍ എന്നിവിടങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ആന്ധ്രാപ്രദേശ് സ്വദേശിനി ലക്ഷിതയെന്ന ആറുവയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. അലിപിരി വാക്ക് വേയില്‍ ആയിരുന്നു സംഭവം നടന്നത്.
ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസെത്തിയാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം.