കടുത്ത പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ ഷിംലയില്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് എത്തുന്നു.
കടുത്ത പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ ഷിംലയില്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലേക്ക് എത്തുന്നു.
പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവൻ നഷ്ടമായ നഗരത്തില്‍ റോഡുകള്‍ ഉള്‍പ്പടെ പുനസ്ഥാപിച്ച് തുടങ്ങി. മഴയും നിലച്ചതോടെ ഷിംലയിലേക്ക് വീണ്ടും വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭീതിയൊഴിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഷിംലയിലേക്ക് എത്തുന്നുണ്ട്. മഴക്കെടുതിയെ തുടര്‍ന്ന് മണ്ണിടിച്ചിലും വ്യാപകമായതോടെ രാജ്യത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ഷിംലയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിലച്ചിരുന്നു. മഴയില്‍ തകര്‍ന്ന റോഡുകള്‍ പുനസ്ഥാപിച്ചതോടെ വിദേശികള്‍ ഉള്‍പ്പടെ എത്തിത്തുടങ്ങി.
ചെറുതും ശക്തികുറഞ്ഞതുമായ മഴ ഷിംലയില്‍ ഇനിയും ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അപകടങ്ങള്‍ ഒഴിഞ്ഞതിനാല്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ ഈ ഹില്‍സ്റ്റേഷൻ തേടിയെത്തുമെന്നാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്താകെ പതിനായിരം കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എഴുപതിലേറെപ്പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 55 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളിലായി 113 ഉരുള്‍പൊട്ടലുകളാണ് ഹിമാചലില്‍ ഉണ്ടായത്. പൊതുമരാമത്ത് വകുപ്പിന് 2,491 കോടി രൂപയുടെയും ദേശീയപാതാ അതോറിറ്റിക്ക് 1,000 കോടി രൂപയുടെ നാശം കണക്കാക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ പ്രധാനഘടകമായ വിനോദസഞ്ചാരമേഖലയെയാണ് മഴക്കെടുതി കൂടുതലായി ബാധിച്ചത്. ടൂറിസം കേന്ദ്രങ്ങളായ കുളു, മണാലി, ഷിംല എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങളുണ്ടായത്. ഷിംല സമര്‍ ഹിലിലെ ശിവക്ഷേത്രത്തിനടുത്തും ഫാഗ്ലിയിലും കൃഷ്ണനഗറിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപതിലേറെപ്പേര്‍ക്ക് ജീവൻ നഷ്ടമായി.
ദുര്‍ബലമായ പ്രദേശങ്ങളിലെ അശാസ്ത്രീയ നിര്‍മാണങ്ങള്‍, വനനശീകരണം, നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള നിര്‍മാണങ്ങള്‍ തുടങ്ങിയവയാണ് തുടര്‍ച്ചയായ ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.