നിര്‍മ്മിത ബുദ്ധിയില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും പണി കൊടുത്തിരിക്കുകയാണ് റോഡുകളിലെ എ.ഐ ക്യാമറ സംവിധാനം.
തെള്ളിയൂര്‍: നിര്‍മ്മിത ബുദ്ധിയില്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും പണി കൊടുത്തിരിക്കുകയാണ് റോഡുകളിലെ എ.ഐ ക്യാമറ സംവിധാനം.
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നു കാണിച്ച് തുടര്‍ച്ചയായി ആറ് നോട്ടീസുകള്‍ ആണ് പത്തനംതിട്ട തെള്ളിയൂരിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജൻസ് ഗവേഷണ സ്ഥാപന ഉടമ ഡോ. നൈനാൻ സജിത്ത് ഫിലിപ്പിന് കിട്ടിയത്. ഇല്ലാത്ത നിയമലംഘനത്തിന് പിഴ ചുമത്തിയതിനെതിരെ പോരാടാൻ ഇറങ്ങിയിരിക്കുകയാണ് നൈനാൻ സജിത്ത് ഫിലിപ്പ്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന നൈനാൻ സജിത്ത് ഫിലിപ്പ് നിലവില്‍ തെള്ളിയൂരില്‍ ആര്‍ട്ടിഫീഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനം നടത്തുകയാണ്. ലൈറ്റിന്റെയോ ധരിച്ച വസ്ത്രത്തിന്‍റെ നിറം പോലുള്ള നിസാരമായ കാരണങ്ങള്‍ കൊണ്ടാവാം എഐയ്ക്ക് പിഴവ് വരുന്നതെന്ന് നൈനാൻ സജിത്ത് ഫിലിപ്പ് പറയുന്നു. ആദ്യത്തെ ചെലാന്‍ ലഭിച്ച സമയത്ത് തന്നെ വിവരം പത്തനംതിട്ട ആര്‍ടിഒയെ അറിയിച്ചിരുന്നു. കുറ്റം ചെയ്യാത്ത ആള്‍ക്ക് പിഴ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നെനാന്‍ സജിത്ത് ഫിലിപ്പ് പറയുന്നു. 33 വര്‍ഷമായി വാഹനം ഓടിക്കുന്ന വ്യക്തിയാണ്. സീറ്റ് ബെല്‍റ്റ് നിയമം വന്നതിന് ശേഷം ഒരു തവണ പോലും ഒരു പെറ്റി പോലും ലഭിച്ചിട്ടില്ലെന്നും നെനാന്‍ സജിത്ത് ഫിലിപ്പ് പറയുന്നു. ആറ് ചെല്ലാനും അബദ്ധത്തില്‍ വന്നതാണെന്ന് ഊന്നിപ്പറയുന്നു. ചെലാന്‍ തരുമ്ബോള്‍ ചെയ്ത നിയമ ലംഘനത്തേക്കുറിച്ചുള്ള കൃത്യമായ ധാരണ ലഭിക്കുന്ന രീതിയിലാവണം ചെലാനെന്നും നെനാന്‍ സജിത്ത് ഫിലിപ്പ് ആവശ്യപ്പെടുന്നു.
എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ആകെ ഒരു ക്യാമറയില്‍ നിന്നാണ് ഇത്തരം ചെലാന്‍ വരാനുണ്ടായ സംഭവമെന്നും നെനാന്‍ സജിത്ത് ഫിലിപ്പ് വിശദമാക്കുന്നു. അടുത്തടുത്ത ക്യാമറകളില്‍ ഒരേ നിയമ ലംഘനം വ്യക്തമാവില്ലേയെന്നും ഇദ്ദേഹം ചോദിക്കുന്നു. എംവിഡിയുമായി ബന്ധപ്പെട്ടപ്പോള്‍ സമാനമായ നിരവധി പരാതി ലഭിക്കുന്നതായാണ് സംസാരിച്ച ഉദ്യോഗസ്ഥന്‍ വിശദമാക്കിയതെന്നും നെനാന്‍ സജിത്ത് ഫിലിപ്പ് പറയുന്നു. പണമടയ്ക്കാതെ പറ്റില്ലെന്ന നയമാണ് എംവിഡിക്കുള്ളത് അതിനാല്‍ തന്നെ ഈ മേഖലയിലെ പരിജ്ഞാനം വച്ച് പോരാട്ടം ആരംഭിക്കാനാണ് നെനാന്‍ സജിത്ത് ഫിലിപ്പ് ഉദ്ദേശിക്കുന്നത്.