കേരളം വരള്‍ച്ചയിലേക്ക്.
കേരളം വരള്‍ച്ചയിലേക്ക്. സെപ്തംബര്‍ മാസത്തില്‍ പ്രതീക്ഷിക്കുന്ന ചെറിയ മഴയും കിട്ടിയില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് കടക്കും എന്ന് വിദഗ്ദ്ധര്‍.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ താരതമ്യേന മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നെങ്കിലും ഈ വര്‍ഷം ഉണ്ടായില്ല. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 50 ശതമാനത്തിലധികം മഴ കുറവാണ് ലഭിച്ചത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 90 ശതമാനം മഴക്കുറവ് രേഖപ്പെടുത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ വരള്‍ച്ചയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള ദുരന്ത നിവാരണ അതോറിറ്റിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍. വരള്‍ച്ച പ്രതിരോധ മാര്‍ഗങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ കൈമാറും.എല്ലാ മഴ മുന്നറിയിപ്പുകളേയും അപ്രസക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ മഴക്കുറവ് കണക്കുകള്‍
ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ 1556 മില്ലിലിറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 877.1 മില്ലി ലിറ്റര്‍ മഴ മാത്രമാണ് ഈ കാലയളവില്‍ ലഭിച്ചത്. കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2016ന് സമാനമായ എല്‍നിനോ പ്രതിഭാസം ഇത്തവണ കേരളത്തെയം ബാധിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്ബേ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മഴ ചുരുങ്ങിയ തോതിലെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയും കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ നിന്ന് ലഭിച്ചിരുന്നു. എല്ലാ മഴ മുന്നറിയിപ്പുകളേയും അപ്രസക്തമാക്കുന്നതാണ് ഈ വര്‍ഷത്തെ മഴക്കുറവ് കണക്കുകള്‍.
‘ആഗോള തിളപ്പിന്റെ ദിനങ്ങള്‍’
‘ആഗോള താപനം ആഗോള തിളപ്പായെന്ന മുന്നറിയിപ്പുമായി യുന്‍ എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് എത്തിയത് ജൂലൈ മാസത്തിലാണ്. വെന്തുരുകലിന്റെ കാലത്തിലൂടെയാണ് കേരളവും കടന്നുപോവുന്നതെന്ന് വിദഗ്ദ്ധര്‍. 34- 35 ഡിഗ്രി വരെയാണ് കേരളത്തില്‍ പലയിടങ്ങളിലും താപനില രേഖപ്പെടുത്തുന്നത്. എന്നാല്‍ അനുഭവവേദ്യമാവുന്ന ചൂട് 40 ഡിഗ്രിയിലുമധികമാണ്. പലയിടങ്ങളിലും താപസൂചിക 40 ഡിഗ്രിയ്ക്ക് മുകളിലാണ്. അള്‍ട്രാ വയലറ്റ് സൂചികയും ഏറിയാണ് നില്‍ക്കുന്നത്. 8 മുതല്‍ 13 വരെയാണ് അടുത്ത ദിവസങ്ങളിലെ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ സൂചിക.
‘സെപ്തംബര്‍ മാസത്തില്‍ ചെറിയ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതും ഉണ്ടാവുമോ എന്ന് ഇപ്പോള്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വിന്‍ഡ് പാറ്റേണ്‍ ശരിയായി വന്നാല്‍ മാത്രമേ അതിനും സാധ്യത കാണുന്നുള്ളൂ. വരള്‍ച്ച എന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെങ്കിലും അതിലേക്കാണ് കേരളം പോയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് മാസത്തിലെങ്കിലും കുറയാതെ മഴ കിട്ടിയിരുന്നു. എന്നാല്‍ അതും ഇല്ലാതായതോടെ വേനല്‍ക്കാലത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.’ കെ എസ് ഡി എം എ അധികൃതര്‍ പറയുന്നു.34- 35 ഡിഗ്രി വരെയാണ് കേരളത്തില്‍ പലയിടങ്ങളിലും താപനില രേഖപ്പെടുത്തുന്നത്. എന്നാല്‍ അനുഭവവേദ്യമാവുന്ന ചൂട് 40 ഡിഗ്രിയിലുമധികമാണ്.
എല്‍നിനോ
2015ലാണ് പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ഉണ്ടായത്. 2015- 2016 വര്‍ഷങ്ങളില്‍ കേരളത്തിലും പൊതുവെ ദക്ഷിണേന്ത്യയിലും മഴ കുറയാന്‍ ഇത് കാരണമായി. 2016ല്‍ വരള്‍ച്ചയിലേക്ക് പോവുകയും ചെയ്തു. ഇതിന് സമാനമായ സാഹചര്യമാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.ഐ ഒ ഡി പോസിറ്റീവ് ആവാതിരിക്കുകയും പസഫിക്കില്‍ എല്‍നിനോ ശക്തമായി വരികയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ മഴക്കുറവിന് പ്രധാന കാരണമായത്
മണ്‍സൂണിന്റെ ആദ്യ ആഴ്ചകളിലാണ് എല്‍നിനോ പസഫിക്കില്‍ രൂപപ്പെടുന്നത്. എന്നാല്‍ അതിന് സമാന്തരമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ( ഐഒഡി) എന്ന പ്രതിഭാസവും രൂപപ്പെടും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്ക് ഭാഗത്തേക്കാള്‍ പടിഞ്ഞാറ് ഭാഗത്ത് ചൂട് കൂടുന്നതാണ് ഐ ഒ ഡി പോസിറ്റീവ്. കേരളത്തിലുള്‍പ്പെടെ മണ്‍സൂണിനെ സ്വാധീനിക്കുന്നതും നല്ല തോതില്‍ മഴ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുന്നതും ഐ ഒ ഡി പോസിറ്റീവ് ആണ്.