ഹോട്ടലുകള്‍ ടൂറിസം ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
മസ്കത്ത്: ഹോട്ടലുകള്‍ ടൂറിസം ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
ഹോട്ടലുകളും ഗെസ്റ്റ് ഹൗസുകളും ഹോം സ്റ്റേകളും ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടൂറിസം സീസണായതോടെ നിരവധി സ്ഥാപനങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി സൗകര്യമൊരുക്കുന്നുണ്ട്. എന്നാല്‍, ലൈസൻസില്ലാതെ ഇത്തരം സൗകര്യങ്ങളൊരുക്കി ടൂറിസ്റ്റുകളെ സ്വീകരിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ലൈസൻസ് സംവിധാനം ഏര്‍പ്പെടുത്തിയത്.
ഖരീഫ് സീസണ്‍ ആരംഭിച്ചതോടെ ഒമാനിലെ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കേറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ വിവിധ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഭക്ഷണശാലകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ദോഫാര്‍ മുനിസിപ്പാലിറ്റി മൊബൈല്‍ ഫുഡ് ലബോറട്ടറി സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണ-പാനീയ സാമ്ബിളുകള്‍ ഓണ്‍-സൈറ്റില്‍ വാഹനത്തില്‍ എത്തിച്ചേര്‍ന്ന് വേഗത്തില്‍ പരിശോധിക്കുന്നതിനാണ് മൊബൈല്‍ ഫുഡ് ലബോറട്ടറി ഉപയോഗിക്കുക. അതിവേഗം പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നുവെന്നതാണ് ലബോറട്ടറിയുടെ പ്രധാന നേട്ടം. സുരക്ഷാ മാനദണ്ഡങ്ങളില്‍നിന്ന് എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ രാജ്യത്തെ നിയമമനുസരിച്ച് നടപടി നേരിടേണ്ടിവരും.