ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇൻഡ്യ മുന്നണി.
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കി ഇൻഡ്യ മുന്നണി. ഇന്നലെ അവസാനിച്ച മുന്നണിയുടെ മൂന്നാം യോഗത്തിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തിലാക്കാൻ ആണ് പല പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ ആക്ഷേപിക്കാൻ മാത്രമാണ് എന്ന വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്നാണ് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളുടെ ആവശ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഡല്‍ഹി, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ആവശ്യം ശക്തമാകുന്നത്. ആംആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഇൻഡ്യ നേതൃത്വത്തെ നിലപാട് അറിയിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയും എത്രയും വേഗം പുറത്തിറക്കാണമെന്നും ഇന്നലെ അവസാനിച്ച യോഗത്തില്‍ മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രകടന പത്രിക പുറത്തിറക്കാൻ സാധിക്കുന്ന തരത്തിലാകും ഇൻഡ്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍.
മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗം ഏറെ ഗുണം ചെയ്തിട്ടുണ്ട്. ബി.ജെ.പി മുഖ്യ എതിരാളിയായ ബിഹാറില്‍ ജെഡിയു ആര്‍ജെഡി ബന്ധം യോഗതോടെ കൂടുതല്‍ ശക്തിപ്പെട്ടു. അധികാരം നഷ്ടപ്പെട്ട മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനും മൂന്നാം യോഗം പ്രതീക്ഷ നല്‍കുന്നുണ്ട്. മുഴുവൻ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഒറ്റക്കെട്ടായി എല്ലാ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത് ബി.ജെ.പി ക്യാമ്ബില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇൻഡ്യ മുന്നണി യോഗം പ്രധാന മന്ത്രിയെ വിമര്‍ശിക്കാൻ മാത്രമുള്ള വേദിയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ബി.ജെ.പി. നരേന്ദ്ര മോദി പ്രഭാവത്തില്‍ മാത്രം തെരഞ്ഞെടുപ്പ് വിജയിക്കാൻ കഴിയില്ലെന്ന് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പ്രതിപക്ഷം ശക്തി പ്രാപിക്കുന്നതും ബി.ജെ.പിക്ക് വെല്ലുവിളിയാണ്.