മൂന്നു പെണ്മക്കളെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച പിതാവ് തൂങ്ങിമരിച്ചു.
രാമപുരം: മൂന്നു പെണ്മക്കളെ കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ച പിതാവ് തൂങ്ങിമരിച്ചു. പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരം.
രാമപുരം ചേറ്റുകുളം കോളനിയില്‍ താമസിക്കുന്ന പുലിക്കുന്നേല്‍ ജോമോനാ(40)ണു തൂങ്ങി മരിച്ചത്. പെണ്മക്കളായ അനന്യ(13), അമയ(10), അനാമിക(എഴ്) എന്നിവര്‍ക്കാണു മുറിവേറ്റത്. ഗുരുതരാവസ്ഥയിലായ അനാമികയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. താനുമായി അകന്നുകഴിയുന്ന ഭാര്യയോട് മക്കള്‍ അടുപ്പം പുലര്‍ത്തുന്നതില്‍ പ്രകോപിതനായാണ് ജോമോന് മക്കളുടെ കഴുത്തറത്ത് കൊല്ലുവാന്‍ ശ്രമിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
മൂന്നിനു രാത്രിയിലാണ് സംഭവം. ജോമോന്റെ സഹോദരി വീട്ടിലെത്തിയതിനാല്‍ ജോമോനും പെണ്മക്കളും സംഭവ ദിവസം വീടിനു തൊട്ടടുത്തുള്ള അമ്മാവന് തേരേട്ട് മത്തായിയുടെ വീട്ടിലാണ് താമസിച്ചത്. ഒരേ മുറിയിലാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. മത്തായി കട്ടിലിലും ജോമോനും കുട്ടികളും നിലത്തുമാണ് കിടന്നത്.
തലയിണകൊണ്ട് മൂത്ത മകള്‍ അനന്യയെ ജോമോന് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് മത്തായി ഉണര്‍ന്ന് ജോമോനെ തടഞ്ഞു. ഇതിനിടെ പുറത്തേക്കോടിയ കുട്ടികളെ ഓരോരുത്തരെയായി മുറ്റത്തുവച്ച് പിടികൂടിയ ജോമോന് കറിക്കത്തി ഉപയോഗിച്ച് കഴുത്തറക്കാന്‍ ശ്രമിക്കുകയായിരുന്നു.
അനന്യയും അമയയും സാരമായി മുറിവേല്ക്കും മുമ്ബ് ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറി. അനാമികയ്ക്ക് ആഴത്തില്‍ മുറിവേറ്റു.
എണ്പതു വയസുകാരനായ അമ്മാവന് മത്തായി തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടികള്‍ ഓടി സ്വന്തം വീട്ടിലെത്തി. അവിടെ ജോമോന്റെ അമ്മ മറിയവും സഹോദരിയും ഉണ്ടായിരുന്നു. ബഹളം കേട്ട് ബന്ധുക്കളും തൊട്ടടുത്തുള്ളവരും ഓടിയെത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ, ജോമോന്, മത്തായിയുടെ വീട്ടില്‍ താമസിച്ചിരുന്ന അതേ മുറിയില്‍തന്നെ കയറി തൂങ്ങിമരിക്കുകയായിരുന്നു.
കുട്ടികള്‍ രാമപുരത്ത് പഠിക്കുന്ന സ്കൂളിന് സമീപമുള്ള ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു. കൊണ്ടാട് സ്വദേശിനിയായ ഭാര്യ രമ്യയുമായി ജോമോന് ഒന്നരവര്‍ഷമായി അകന്നുകഴിയുകയാണ്. ഓണാവധിക്ക് മൂത്തകുട്ടി അമ്മയുടെ വീട്ടിലായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജോമോന് കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ജോമോന് കല്‍പ്പണിക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് പാലായിലെ പൊതുശ്മശാനത്തില്‍ നടക്കും.