പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്ന് അറിയാം.
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഇന്ന് അറിയാം. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്. ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിക്കു.
വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്ബോള്‍ തന്നെ ട്രെൻഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്.
യുഡിഎഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എല്‍ഡിഎഫിനായി ജെയ്ക് സി തോമസും എൻഡിഎക്കു വേണ്ടി ജി ലിജിൻ ലാലുമാണു മത്സരിക്കുന്നത്. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്ബോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിൻറെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്താനാവുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്ബാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. തുടര്‍ന്ന് 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86% പേര് വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. തപാല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണിത്. ഉപതെരഞ്ഞെടുപ്പില്‍ 1,28,535 പേരാണ് വോട്ട് ചെയ്തത്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ, എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ്, ബിജെപിയുടെ ലിജിൻ ലാല്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.