ജില്ലയില്‍ ചെങ്കണ്ണ് വ്യാപനം വര്‍ധിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥ ചെങ്കണ്ണ് പടരുന്നതിന് സഹായകമായി.
തൃശൂര്‍: ജില്ലയില്‍ ചെങ്കണ്ണ് വ്യാപനം വര്‍ധിക്കുന്നു. വേനലിനു സമാനമായ കാലാവസ്ഥ ചെങ്കണ്ണ് പടരുന്നതിന് സഹായകമായി.
ഒരാള്‍ക്ക് ചെങ്കണ്ണ് ബാധിച്ചാല്‍ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരിലേക്കും പടരും. പ്രായഭേദമെന്യേ ആര്‍ക്കും ഈ രോഗം വരാം. ചെങ്കണ്ണിന് ചികിത്സ തേടി ഒട്ടേറെപ്പേര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നുണ്ട്. സാധാരണ ഗതിയില്‍ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ലഭ്യമാക്കേണ്ടത് ആവശ്യമാണ്. രോഗം സങ്കീര്‍ണമായാല്‍ കുറഞ്ഞത് മൂന്നാഴ്ചയെടുക്കും ഭേദമാകാന്‍.
എന്താണ് ചെങ്കണ്ണ്?
ബാക്ടീരിയ, വൈറസ് എന്നിവ മൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥയാണ് ചെങ്കണ്ണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നേത്രപടലത്തിന് തകരാറുണ്ടാകും വിധം ഗുരുതരമായേക്കാം. അതിനാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സ തേടുന്നത് ഉത്തമം. പകര്‍ച്ചവ്യാധിയായാണ് ചെങ്കണ്ണ് അറിയപ്പെടുന്നതെങ്കിലും സൂക്ഷിച്ചാല്‍ ഇതിന്റെ വ്യാപനം തടയാനാകും. മറ്റു പല നേത്രരോഗങ്ങള്‍ക്കും ചെങ്കണ്ണിനും ഒരേ ലക്ഷണങ്ങളായതിനാല്‍ ആവശ്യമായ ചികിത്സ സ്വീകരിക്കണം.
രോഗം വരാതെ സൂക്ഷിക്കാം
ചെങ്കണ്ണ് വരാതെ സൂക്ഷിക്കാന്‍ കൈകള്‍ ഇടയ്‌ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകുക. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെ രോഗാണു പടരാന്‍ സാധ്യതയേറെയാണ്. രോഗിയുടെ തൂവാല, തോര്‍ത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ട് കണ്ണു തിരുമ്മാതിരിക്കുക.
രോഗികള്‍ ശ്രദ്ധിക്കേണ്ടത്
രോഗി ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം നല്‍കുക, ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി കണ്‍പോളകള്‍ വൃത്തിയാക്കുക, ടിവിയുടെയും കംപ്യൂട്ടറിന്റെയും ഉപയോഗം ഒഴിവാക്കുക. ചെങ്കണ്ണ് ബാധിച്ചവര്‍ പ്ലെയിന്‍ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുന്നത് നല്ലതാണ്.
വ്യാപനസാധ്യത സ്‌കൂളുകളില്‍
കുട്ടികള്‍ക്ക് ചെങ്കണ്ണ് രോഗബാധ കണ്ടാല്‍ സ്‌കൂളില്‍ അയയ്‌ക്കരുത്. മറ്റു കുട്ടികളിലേക്ക് അതിവേഗം പടരാനും അതുവഴി വീടുകളിലേക്കു രോഗമെത്താനും സാധ്യതയേറെയാണ്.
ലക്ഷണങ്ങള്‍
കണ്ണിന് കടുത്ത ചുവപ്പ് നിറവും വേദനയും, രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ കണ്ണുകള്‍ തുറക്കാന്‍ ബുദ്ധിമുട്ട്, പീളകെട്ടി മൂടിയ അവസ്ഥ, കണ്ണില്‍ അസഹ്യമായ ചൊറിച്ചില്‍, കണ്‍പോളകള്‍ക്കുള്ളില്‍ തരിപ്പ്, കണ്ണില്‍ പൊടിമണ്ണ് വീണതുപോലുള്ള അവസ്ഥ, കണ്ണില്‍ നിന്ന് വെള്ളം വരിക.