ഹൈദരാബാദ്: ഹോട്ടലില്‍ ബിരിയാണിക്കൊപ്പം അധികമായി തൈര് ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ യുവാവിനെ അടിച്ചുകൊന്നു.
സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഹൈദരാബാദ് പഞ്ചഗുട്ട ക്രോസ്റോഡ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വച്ചാണ് സംഭവം. 30കാരനായ ലിയാഖത്ത് ആണ് മരിച്ചത്. ബിരിയാണിക്കൊപ്പം അധികമായി തൈര് ചോദിച്ചതിനെ ചൊല്ലി ഹോട്ടല്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ലിയാഖത്ത് വരുമ്ബോള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പാഴ്സലായി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണിക്കൊപ്പം അധികമായി തൈര് നല്‍കാത്തതിനെ തുടര്‍ന്ന് 30കാരന് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ തര്‍ക്കം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
പൊലീസെത്തി ഇരുവിഭാഗം ആളുകളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ലിയാഖത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.