യു.പി.എസ്.സി 2024 വര്‍ഷത്തെ എൻജിനീയറിങ് സര്‍വിസസ് പരീക്ഷക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നാംഘട്ട പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 18ന് ദേശീയതലത്തില്‍ നടത്തും.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലായി 167 ഒഴിവുകളാണുള്ളത്.
സിവില്‍ എൻജിനീയറിങ് വിഭാഗത്തിന് സെൻട്രല്‍ എൻജിനീയറിങ് സര്‍വിസ് (റോഡ്സ്), ബോര്‍ഡര്‍ റോഡ്സ് എൻജിനീയറിങ് സര്‍വിസ്, ഇന്ത്യൻ ഡിഫൻസ് സര്‍വിസ്, സെൻട്രല്‍ വാട്ടര്‍ എൻജിനീയറിങ് സര്‍വിസ്, ഇന്ത്യൻ സ്കില്‍ ഡെവലപ്മെന്റ് സര്‍വിസ് എന്നിവയിലും മെക്കാനിക്കല്‍ എൻജിനീയര്‍മാര്‍ക്ക് ജി.എസ്.ഐ എൻജിനീയറിങ് സര്‍വിസ്, ഇന്ത്യൻ ഡിഫൻസ് സര്‍വിസ്, നേവല്‍ ആര്‍മമെന്റ് സര്‍വിസ്, സെൻട്രല്‍ വാട്ടര്‍ എൻജിനീയറിങ് സര്‍വിസ്, ഡിഫൻസ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ് സര്‍വിസ് എന്നിവയിലും ഇലക്ട്രിക്കല്‍ എൻജിനീയര്‍മാര്‍ക്ക് ഡിഫൻസ്, സെൻട്രല്‍ പവര്‍ എൻജിനീയറിങ് സര്‍വിസ്, നേവല്‍ ആര്‍മമെന്റ് സര്‍വിസ്, ഡിഫൻസ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറൻസ് സര്‍വിസ് എന്നിവയിലും ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിന് ഇന്ത്യൻ റേഡിയോ റെഗുലേറ്ററി സര്‍വിസ്, ടെലികമ്യൂണിക്കേഷൻ സര്‍വിസ്, നേവല്‍ ആര്‍മമെന്റ് സര്‍വിസ്, നേവല്‍ മെറ്റീരിയല്‍ മാനേജ്മെന്റ് സര്‍വിസ് മുതലായവയിലും നിയമനം ലഭിക്കും.
പ്രിലിമിനറി, മെയിൻ പരീക്ഷകളില്‍ യോഗ്യത നേടുന്നവരെ അഭിമുഖം നടത്തിയാണ് സെലക്ഷൻ. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി പരീക്ഷാകേന്ദ്രങ്ങളാണ്. വിജ്ഞാപനം www.upsc.gov.inല്‍.
ബന്ധപ്പെട്ട ബ്രാഞ്ചില്‍ എൻജിനീയറിങ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ക്കും എം.എസ് സി വയര്‍ലെസ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ്/റേഡിയോ എൻജിനീയറിങ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 21-30. നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാഫീസ് 200 രൂപ. വനിതകള്‍ക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്കും ഫീസില്ല. www.upsconline.nic.inല്‍ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സെപ്റ്റംബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം.