സൗദിയിലെ എയര്‍പോര്‍ട്ടുകളിലെ സുരക്ഷ വര്‍ധിപ്പിക്കും; പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

September 16, 2023
16
Views

സൗദിയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.

സൗദിയിലെ വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021ല്‍ ആരംഭിച്ച ആദ്യ ഘട്ട പദ്ധതിയില്‍ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു.

നിലവിലെ സുരക്ഷാ സംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നത്.

2021 ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യം ഘട്ടം ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാൻ സിവില്‍ ഏവിയേഷൻ അതോറിറ്റി ഇപ്പോള്‍ നീക്കമാരംഭിച്ചു. 24 വിമാനത്താവളങ്ങളില്‍ ഏറ്റവും പുതിയ ഇലക്‌ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്. കൂടാതെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും സുരക്ഷാ നിരീക്ഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തു.

ഏപ്രണുകളിലേക്കും ഗാര്‍ഡ് റൂമുകളിലേക്കുമുള്ള സുരക്ഷാ ഗേറ്റുകള്‍, പ്രവേശന, എക്സിറ്റ് നിയന്ത്രണ സംവിധാനങ്ങള്‍, സുരക്ഷാ ഗേറ്റുകള്‍ക്കുള്ള നിരീക്ഷണ ക്യാമറകള്‍, ഗ്രൗണ്ട് നിരീക്ഷണം എന്നിവയും സജ്ജീകരിച്ചു. എയര്‍പോര്‍ട്ടുകളുടെ ചുറ്റുപാടുകളില്‍ റഡാര്‍ സംവിധാനവും താപ, ഡിജിറ്റല്‍ ക്യാമറകളും സ്ഥാപിച്ചതും, എയര്‍പോര്‍ട്ട് ഏപ്രണുകള്‍ക്കുള്ളില്‍ വാഹന ട്രാക്കിംഗ് ക്രമീകരിച്ചതും ആദ്യ ഘട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എയര്‍പോര്‍ട്ട് ഏപ്രണുകള്‍ക്ക് ചുറ്റുമുള്ള സുരക്ഷാവേലി പുനഃസ്ഥാപിക്കും. കൂടാതെ അതിന് സമാന്തരമായി പട്രോള്‍ റോഡ് സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങള്‍ക്കായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. മാത്രവുമല്ല ഈ ഉപകരണങ്ങളും സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും ആവശ്യമായ പരിശീലനം നല്‍കുവാനും രണ്ടാം ഘട്ടത്തില്‍ ലക്ഷ്യം വെക്കുന്നുണ്ട്. .

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *