പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 73-ാം ജന്മദിനം.
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാളെ 73-ാം ജന്മദിനം. ഇന്ത്യയിലുടനീളമുള്ള ബിജെപി യൂണിറ്റുകള്‍ പ്രധാനമന്ത്രിയുടെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കും.
സെപ്റ്റംബര്‍ 17ന് തുടങ്ങി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് സമാപിക്കുന്ന രീതിയിലാണ് ഗുജറാത്തിലെ ബിജെപി ഘടകം പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ ജില്ലകളിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കും. നവസാരി ജില്ലയില്‍ 30,000 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനും പദ്ധതിയുണ്ട്. സൂറത്തിലെ ഒരു എൻജിഒ മുലപ്പാല്‍ ദാന ക്യാംപ് സംഘടിപ്പിക്കും. 140 ലധികം സ്ത്രീകള്‍ ഇതില്‍ പങ്കെടുക്കും.
ത്രിപുരയിലെ ബിജെപി യൂണിറ്റ് ‘നമോ വികാസ് ഉത്സവ്’ എന്ന പേരിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യോഗയോടു കൂടി ആരംഭിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി മണിക് സാഹയും മന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. ബിജെപി ഒബിസി മോര്‍ച്ച പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി ബൈക്ക് റാലി സംഘടിപ്പിക്കും.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗറില്‍ ദാമോദര്‍ദാസ് മോദിയുടെയും ഹീര ബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമനായി 1950 സെപ്റ്റംബര്‍ 17നാണ് മോദി ജനിച്ചത്. ചെറുപ്പകാലം മുതല്‍ ആര്‍എസ്എസ് അംഗമായിരുന്ന അദ്ദേഹം 1987ല്‍ ബിജെപി ജനറല്‍ സെക്രട്ടറിയായി. 2001 മുതല്‍ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2019ല്‍ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.