ഭരണഘടനാ നിര്‍മാണം അടക്കം നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച പാര്‍ലമെന്റ് മന്ദിരത്തിന് രാജ്യത്തിന്റെ വിട
ന്യൂഡല്‍ഹി: ഭരണഘടനാ നിര്‍മാണം അടക്കം നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച പാര്‍ലമെന്റ് മന്ദിരത്തിന് രാജ്യത്തിന്റെ വിട.
തിങ്കളാഴ്ച രാവിലെ മുതല്‍ ഇരുസഭകളിലും സ്വന്തം ഇരിപ്പിടങ്ങളില്‍ അവസാനമായി ഇരുന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ചരിത്രമന്ദിരത്തിന്റെ ഓര്‍മകളും അനുഭവങ്ങളും മനസ്സിലേറ്റി വൈകീട്ടോടെ വിടപറഞ്ഞിറങ്ങി. പഴയ മന്ദിരത്തിന്റെ സെൻട്രല്‍ ഹാളിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ 10.30ന് ഒരുമിച്ച് ഒരു ഫ്രെയിമില്‍ അണിനിരന്ന്, സെൻട്രല്‍ ഹാളില്‍ സമ്മേളിച്ചശേഷം ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നീങ്ങും.
പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവര്‍ണ അധ്യായമായി ഈ മന്ദിരം വരും തലമുറയെ തുടര്‍ന്നും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ യാത്രയെ കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ട് ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദി സര്‍ക്കാറിന്റെ നിലവിലെ രാഷ്ട്രീയം മാറ്റാതെ പുതിയ പാര്‍ലമെന്റിലേക്ക് മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ രാജ്യസഭയില്‍ അഭിപ്രായപ്പെട്ടു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘സ്‌ട്രോക് ഓഫ് മിഡ്‌നൈറ്റ്’ എന്നതിന്റെ പ്രതിധ്വനി ഓരോ പൗരനെയും തുടര്‍ന്നും പ്രചോദിപ്പിക്കുമെന്ന് പറഞ്ഞ മോദി, ‘സര്‍ക്കാറുകള്‍ വരും പോകും. പാര്‍ട്ടികള്‍ ഉണ്ടാകുകയും ഇല്ലാതാകുയും ചെയ്യും. ഈ രാജ്യം നിലനില്‍ക്കണം, ജനാധിപത്യം നിലനില്‍ക്കണം’ എന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രസംഗവും അനുസ്മരിച്ചു. സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേല്‍, റാം മനോഹര്‍ ലോഹ്യ, ചന്ദ്രശേഖര്‍, ലാല്‍ കൃഷ്ണ അദ്വാനി തുടങ്ങിയവരെയും മോദി പരാമര്‍ശിച്ചു.
ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതും ചരക്കുസേവന നികുതിയും, ഒരു റാങ്ക് ഒരു പെൻഷനും, മുന്നാക്കരിലെ ദരിദ്രര്‍ക്കുള്ള 10 ശതമാനം സംവരണവും തന്റെ കാലത്തെ പാര്‍ലമെന്റിന്റെ നേട്ടങ്ങളായി മോദി വിശേഷിപ്പിച്ചു. എന്നാല്‍, പ്രധാനമന്ത്രിയുടെ അവകാശ വാദങ്ങളെയും പാര്‍ലമെന്റിന്റെ സംഭാവനകളില്‍ ചിലതു മാത്രം തിരഞ്ഞുപിടിച്ചുള്ള സംസാരത്തെയും പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം സംവിധാനങ്ങളുടെ പോരായ്മയാണെന്ന പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ വാക്കുകളുദ്ധരിച്ച മല്ലികാര്‍ജുൻ ഖാര്‍ഗെ, ശക്തമായ പ്രതിപക്ഷത്തെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് തുടങ്ങി നരേന്ദ്ര മോദിയിലെത്തിനില്‍ക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കാൻ ഇരു പ്രധാനമന്ത്രിമാരെയും താരതമ്യം ചെയ്താല്‍ മതിയെന്ന് മുതിര്‍ന്ന പാര്‍ലമെന്റേറിയനും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ രാംഗോപാല്‍ യാദവ് ഓര്‍മിപ്പിച്ചു. ഭൂരിപക്ഷവും ഭൂരിപക്ഷവാദവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകാത്തതുകൊണ്ടാണ് ചെറിയ വിമര്‍ശനം കേള്‍ക്കുമ്ബോഴേക്ക് പാകിസ്താനില്‍ പോകാൻ പറയുന്നതെന്ന് ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ ചൂണ്ടിക്കാട്ടി.
കേരളത്തില്‍നിന്നുള്ള എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, പി.വി.അബ്ദുല്‍വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.