ദീര്‍ഘകാല ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ജന്മഗ്രാമത്തിലെത്തിയ സുല്‍ത്താൻ അല്‍ നിയാദിക്ക് ഊഷ്മള സ്വീകരണം.
അബൂദബി: ദീര്‍ഘകാല ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ജന്മഗ്രാമത്തിലെത്തിയ സുല്‍ത്താൻ അല്‍ നിയാദിക്ക് ഊഷ്മള സ്വീകരണം.
അല്‍ഐനിലെ ഉമ്മു ഗഫാ പ്രദേശത്താണ് കഴിഞ്ഞ ദിവസം സ്വീകരണ ചടങ്ങ് ഒരുക്കിയത്. പരമ്ബരാഗത അറബ് നൃത്തച്ചുവടുകളോടെയാണ് വലിയ ജനക്കൂട്ടം അല്‍ നിയാദിയെ സ്വീകരിച്ചത്. കുട്ടികളും മുതിര്‍ന്നവരുമായ നാട്ടുകാരെ അഭിവാദ്യംചെയ്ത് ദീര്‍ഘനേരം വേദിയില്‍ അദ്ദേഹം ചിലവഴിച്ചു. അല്‍ നിയാദിക്കൊപ്പം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ചെയര്‍മാൻ ഹമദ് ഉബൈദ് അല്‍ മൻസൂരി, വൈസ് ചെയര്‍മാൻ യൂസുഫ് ഹമദ് അല്‍ ശൈബാനി, ഡയറക്ടര്‍ ജനറല്‍ സാലിം ഹുമൈദ് അല്‍ മര്‍റി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അല്‍ മൻസൂരിയും ചടങ്ങില്‍ അല്‍ നിയാദിക്കൊപ്പമുണ്ടായിരുന്നു. നേരത്തേ തന്നെ ഉമ്മു ഗഫായിലെ തെരുവുകള്‍ അദ്ദേഹത്തെ സ്വീകരിക്കാൻ അലങ്കരിച്ചിരുന്നു. ആറുമാസത്തെ ബഹിരാകാശ ദൗത്യവും ഹ്യൂസ്റ്റനില്‍ രണ്ടാഴ്ച നീണ്ട ആരോഗ്യ വീണ്ടെടുപ്പിനും ശേഷം ഇമാറാത്തിന്‍റെ അഭിമാനതാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എ.ഇയില്‍ എത്തിയത്.
അബൂദബി വിമാനത്താവളത്തില്‍ രാഷ്ട്രനേതാക്കളുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ 4നാണ് യു.എസിലെ ഫ്ലോറിഡയില്‍ അദ്ദേഹം മടങ്ങിയെത്തിയത്.
ചികിത്സയും ശാസ്ത്ര പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി 14 ദിവസത്തിനു ശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്. ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയത്.
പിന്നീട് ശാസ്ത്ര പരീക്ഷണങ്ങള്‍ തുടരുന്നതിന് ഹ്യൂസ്റ്റനിലേക്ക് തന്നെ മടങ്ങും. 1981ല്‍ ജനിച്ച സുല്‍ത്താൻ അല്‍ നിയാദി ഉമ്മു ഗഫാ പ്രൈമറി ബോയ്സ് സ്കൂളിലും സെക്കൻഡറി സ്കൂളിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്.