റഷ്യൻ നാവിക തലസ്ഥാനത്ത് യുക്രെയ്ൻ ആക്രമണം

September 23, 2023
32
Views

റഷ്യൻ നാവികസേനയുടെ കരിങ്കടല്‍ പടയുടെ തലസ്ഥാനത്ത് യുക്രെയ്ൻ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

മോസ്കോ: റഷ്യൻ നാവികസേനയുടെ കരിങ്കടല്‍ പടയുടെ തലസ്ഥാനത്ത് യുക്രെയ്ൻ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

അധിനിവേശ ക്രിമിയയിലെ സെവാസ്തപോള്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന തലസ്ഥാനത്ത് കുറഞ്ഞത് ഒരു മിസൈലെങ്കിലും പതിച്ചുവെന്നാണു റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ വലിയ അഗ്നിബാധയുണ്ടായി. മരിച്ചത് റഷ്യൻ നാവികസേനാംഗമാണ്.

വീണ്ടും മിസൈല്‍ ആക്രമണത്തിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സെവാസ്തപോള്‍ നഗരത്തിന്‍റെ ഹൃദയഭാഗം ഒഴിവാക്കണമെന്ന് ക്രിമിയയിലെ റഷ്യൻ അധികൃതര്‍ നിര്‍ദേശിച്ചു.
2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയില്‍ യുക്രെയ്ൻ സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

സെവാസ്തപ്പോള്‍ തുറമുഖത്ത് അടുത്തിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ യുദ്ധക്കപ്പലിനും അന്തര്‍വാഹിനിക്കും വലിയതോതില്‍ കേടുപാടുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

റഷ്യയുടെ പ്രസിദ്ധമായ വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടിട്ടുണ്ട്.
…………
വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന് അമേരിക്ക 32.5 കോടി ഡോളറിന്‍റെ സഹായംകൂടി പ്രഖ്യാപിച്ചു. വ്യോമപ്രതിരോധം പീരങ്കി ഷെല്ലുകള്‍ മുതലായ ആയുധങ്ങളാണ് ഇതിലൂടെ യുക്രെയ്നു ലഭിക്കുക.
യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുടെ അമേരിക്കാ സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപനമുണ്ടായത്. വൈറ്റ്ഹൗസില്‍ പ്രസിഡന്‍റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി.
അതേസമയം, കഴിഞ്ഞവര്‍ഷത്തെ അമേരിക്കാ സന്ദര്‍ശനത്തില്‍ ലഭിച്ച വൻ സ്വീകരണത്തെ അപേക്ഷിച്ച്‌ തണുത്ത സമീപനമാണ് ഇക്കുറി സെലൻസ്കി നേരിട്ടത്. കോണ്‍ഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യണമെന്ന സെലൻസ്കിയുടെ ആവശ്യം പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും ഹൗസ് സ്പീക്കറുമായ കെവിൻ മക്കാര്‍ത്തി നിരസിച്ചു. പ്രസിഡന്‍റ് ബൈഡൻ യുക്രെയ്നു വൻതുക നല്കുന്നതില്‍ റിപ്പബ്ലിക്കൻ പാര്‍ട്ടിയിലെ ചില നേതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്.
അമേരിക്കാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സെലൻസ്കി ഇന്നലെ അപ്രതീക്ഷിതമായി കാനഡയിലെത്തി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *