സൈബര്‍ സെല്ലിന്‍റെ പേരില്‍ വ്യാജസന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

September 30, 2023
45
Views

സൈബര്‍ സെല്ലിന്‍റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട്: സൈബര്‍ സെല്ലിന്‍റെ പേരില്‍ ലാപ്‌ടോപ്പില്‍ വ്യാജ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഭയന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി എഴുതിവച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ആദിനാഥാണ് (16) കഴിഞ്ഞ ദിവസം ചേവായൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടില്‍വച്ച്‌ ലാപ്‌ടോപില്‍ സിനിമ കാണുന്നതിനിടയില്‍ 33,900 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശം വരികയായിരുന്നു. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയോട് (എന്‍സിആര്‍ബി) സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്.

ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കമ്ബ്യൂട്ടര്‍ ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയാണ് എന്‍സിആര്‍ബിയുടെതിനു സമാനമായ സ്‌ക്രീന്‍ കംപ്യൂട്ടറില്‍ പ്രത്യക്ഷപ്പെട്ടത്.

എന്‍സിആര്‍ബിയുടെ സര്‍ക്കാര്‍ മുദ്രയും ഇതിലുണ്ടായിരുന്നു. നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം തന്നില്ലെങ്കില്‍ പോലീസില്‍ പരാതിപ്പെടുമെന്നും ലാപ്‌ടോപ്പില്‍ സന്ദേശം വന്നു.

പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുമെന്നും രണ്ടു വര്‍ഷം ശിക്ഷ ലഭിക്കുമെന്നും ഭീഷണിയുണ്ടായി. ഇതെല്ലാം വായിച്ചപ്പോള്‍ വിദ്യാര്‍ഥി ഭയപ്പെട്ടു. മാനസിക സംഘര്‍ഷത്തെതുടര്‍ന്ന് ആദിനാഥ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പണം ആവശ്യപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ചിങ്ങപുരം സികെജിഎംഎച്ച്‌എഎസ്‌എസില്‍ ക്‌ളാര്‍ക്കായ കമനീഷ് എടക്കുടിയുടെയും വള്ളിക്കുന്ന് സിബിഎച്ച്‌എസ്‌എസിലെ അധ്യാപിക വിദ്യ കൈപ്പശശേരിയുടെയും മകനാണ് ആദിനാഥ്. സഹോദരന്‍: ആരുണ്‍ (വിദ്യാര്‍ഥി).

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *