സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

October 5, 2023
35
Views

സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു.

തിരുവനന്തപുരം: സിപിഎം മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.

രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 86 വയസായിരുന്നു.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ നാരായണിയുടെയും വി.കൃഷ്ണന്റെയും മകനായി ജനിച്ചു. 1954ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്ക് ആനന്ദന് രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിലേക്കുമുള്ള ആദ്യ പടിയായി.

1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്നു.1971ല്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1972ല്‍ കേരള കയര്‍ വര്‍ക്കേഴ്‌സ് സെന്റര്‍ സെക്രട്ടറി ആയി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി. ശരത്‌ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്കാരം, കയര്‍ മില്ലനിയം പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി കേശവൻ സ്മാരക പുരസ്കാരം, എൻ ശ്രീകണ്ഠൻ‌ നായര്‍ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *