അബൂദബിയിലെ മരൂഭൂമിയില്‍ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
അബൂദബി: അബൂദബിയിലെ മരൂഭൂമിയില്‍ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അബൂദബിയിലെ അല്‍ഫല മേഖലയിലാണ് 150ലധികം പൂച്ചകളെയും ചില നായ്ക്കളെയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംചൂടില്‍ ഇവയില്‍ 62 എണ്ണം ചത്തു. 90 എണ്ണത്തിനെ രക്ഷിക്കാൻ കഴിഞ്ഞതായി മൃഗസ്നേഹികള്‍ പറഞ്ഞു.
മൃഗങ്ങളുടെ ക്ഷേമത്തിനും അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന ചില കൂട്ടായ്മകള്‍ ഇവയുടെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടതോടെയാണ് അബൂദബി നഗരസഭ ഗതാഗത വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മൃഗങ്ങളെ ഉപേക്ഷിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും പരിഷ്കൃത സമൂഹത്തിന് ചേരാത്ത പ്രവൃത്തിയാണെന്നും നഗരസഭ വകുപ്പ് ചൂണ്ടിക്കാട്ടി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടി സ്വീകരിക്കും. പൂച്ചകളെ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം വിലയിരുത്തും. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയിപ്പെടുത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെയും മൃഗസ്നേഹികളുടെയും വികാരത്തെ മാനിക്കുന്നുവെന്നും നഗരസഭ വകുപ്പ് വ്യക്തമാക്കി.