ഗസ്സ: വാര്‍ത്താവിനിമയ ബന്ധങ്ങളില്ല, വീടുകള്‍ക്കകത്തോ പുറത്ത് തെരുവിലോ നില്‍ക്കാനാവില്ല. ആശുപത്രിയാകട്ടെ, യു.എൻ സ്കൂളുകളാകട്ടെ എവിടെയും സുരക്ഷിതമല്ല.
ഗസ്സയില്‍ സുരക്ഷിതമായ ഒരിടം പോലുമില്ല. ഗസ്സയുടെ ഏക ജീവനാഡിയായ റഫ ക്രോസിങ്ങടക്കം ഇസ്രായേല്‍ ലക്ഷ്യമിട്ടതോടെ ഈ ജനത കിളിവാതിലുകളില്ലാത്ത ഒരു പെട്ടിക്കകത്ത് കുടുങ്ങിയ പോലാണ്. ”എന്തിനാണ് നിരപരാധികളായ കുഞ്ഞുങ്ങളും അമ്മമാരും അഭയം തേടിയ സ്കൂളുകളും ക്യാമ്ബുകളും ബോംബിട്ടു തകര്‍ക്കുന്നത്” -ഗസ്സ നിവാസി അസീല്‍ ചോദിക്കുന്നു.
വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും അടക്കം വിലക്കുന്ന, സമ്ബൂര്‍ണ ഉപരോധം ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ ഗസ്സ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച മുതല്‍തന്നെ ഗസ്സയിലേക്ക് സഹായമടക്കമുള്ള ചരക്കുനീക്കം ഇസ്രായേല്‍ തടഞ്ഞിട്ടുണ്ട്. നേരത്തെതന്നെ കരയും തീരവും ആകാശവുമെല്ലാം ഇസ്രായേല്‍ നിയന്ത്രിക്കുന്നതിനാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടതും അവര്‍തന്നെയാണ്.
ഏഴ് ആരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തതായി യു.എൻ വക്താവ് അറിയിച്ചു. വൈദ്യുതിക്കായി ഇപ്പോഴുള്ള ഏക ആശ്രയമായ ഗസ്സ വൈദ്യുതി പ്ലാൻറ്, ഏതാനും ദിവസത്തേക്കുകൂടിയുള്ള ഇന്ധനം തീരുന്നതോടെ നിലക്കും. നിയന്ത്രണങ്ങള്‍ കാരണം നേരത്തെ തന്നെ ഭക്ഷ്യസുരക്ഷിതത്വമില്ലാത്ത ഗസ്സയില്‍ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ദിവസേന ഒരു ലക്ഷം പേര്‍ക്കുള്ള ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. അതിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
മൃഗങ്ങളുമായാണ് ഞങ്ങള്‍ പോരാടുന്നതെന്നും അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ പ്രവര്‍ത്തനമെന്നും പറഞ്ഞാണ്, ഇസ്രായേല്‍ പ്രതിരോധമന്ത്രി യൊആവ് ഗാലൻഡ് ഉപരോധപ്രഖ്യാപനം നടത്തിയത്. ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. മരുന്നും തീരുന്നു. ആക്രമണം തുടര്‍ന്നാല്‍ എന്താണുണ്ടാവുകയെന്ന് ചിന്തിക്കാൻപോലും കഴിയില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ആശുപത്രിപോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് വൈദ്യുതി അനുവദിക്കാനും അടിയന്തര മരുന്നുവിതരണം സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് 1,87,000 പേര് ഭവനരഹിതരായിട്ടുണ്ട്. ഇറാന്റെ പങ്കിന് വ്യക്തമായ തെളിവൊന്നും തങ്ങളുടെ പക്കലില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യുദ്ധത്തില്‍ രണ്ട് റഷ്യൻ പൗരന്മാര് കൊല്ലപ്പെട്ടതായും നാലുപേരെ കാണാതായതായും റഷ്യ അറിയിച്ചു. മരിച്ച ഫ്രഞ്ച് പൗരന്മാരുടെ എണ്ണം നാലായി. ലബനാൻ അതിര്‍ത്തി കടന്ന് ഇസ്രായേലിലെത്തിയ രണ്ടു പോരാളികളും കൊല്ലപ്പെട്ടു.