വിവാഹിതയായ യുവതിയുടെ 26 ആഴ്ചയുള്ള ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് സുപ്രീംകോടതി.
ന്യൂഡല്‍ഹി വിവാഹിതയായ യുവതിയുടെ 26 ആഴ്ചയുള്ള ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിച്ച് സുപ്രീംകോടതി.
ഭ്രൂണം അതിജീവിക്കാനുള്ള സാധ്യതയുണ്ടെന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുൻ ഉത്തരവ് പിൻവലിക്കാമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി ഉത്തരവിട്ടു. എന്നാല്‍, ഗര്‍ഭഛിദ്രത്തിന് തിങ്കളാഴ്ച നല്കിയ അനുമതി പിൻവലിക്കേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന വ്യക്തമാക്കി. രണ്ടംഗബെഞ്ചില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുമെന്ന് ജഡ്ജിമാര്‍ അറിയിച്ചു.
രണ്ടു കുട്ടികളുള്ള യുവതി തനിക്ക് മൂന്നാമത് ഒരു കുട്ടിയെ പ്രസവിക്കാനും വളര്‍ത്താനും വൈകാരികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച പ്രത്യേകബെഞ്ച് എയിംസ് നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകൂടി പരിശോധിച്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി.
എന്നാല്‍, തിങ്കളാഴ്ചതന്നെ ചീഫ് ജസ്റ്റിസിന്റെ മുമ്ബാകെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി രണ്ടംഗബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഭ്രൂണം അതിജീവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡില്‍ അംഗമായ ഒരു ഡോക്ടര്‍ നല്കിയ പുതിയ റിപ്പോര്‍ട്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് വിഷയം വീണ്ടും പരിശോധിക്കാൻ രണ്ടംഗബെഞ്ച് തീരുമാനിച്ചത്.
കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമര്‍ശം
തന്റെ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ ചീഫ് ജസ്റ്റിസിനെ സമീപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് ബി വി നാഗരത്നയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്.
വിധി പറഞ്ഞ ബെഞ്ചിനോട് ഏതെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അതേ ബെഞ്ചിനെത്തന്നെ സമീപിക്കുന്നതാണ് കീഴ്വഴക്കം. അതിനു പകരം, ചീഫ് ജസ്റ്റിസിനെ നേരിട്ട് സമീപിച്ച നടപടി തെറ്റാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചൂണ്ടിക്കാണിച്ചു.