ക്രിക്കറ്റ് ലോകകപ്പില്‍ ശനിയാഴ്ച ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മോഷ്ടാക്കള്‍ വിളയാടി.
അഹ്മദാബാദ്: ക്രിക്കറ്റ് ലോകകപ്പില്‍ ശനിയാഴ്ച ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മോഷ്ടാക്കള്‍ വിളയാടി.
ലക്ഷത്തിലധികം കാണികളെത്തിയ മത്സരത്തിനിടെ ബോളിവുഡ് നടിയടക്കം നൂറിലധികം പേരുടെ ഫോണുകള്‍ കവര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ആരാധകരാണ് സമൂഹ മാധ്യമമായ എക്‌സില്‍ വിഷയം ഉന്നയിച്ചത്.
കൂട്ടത്തില്‍ ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയുമുണ്ട്. ‘അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍വെച്ച് എന്റെ 24 കാരറ്റുള്ള യഥാര്‍ഥ സ്വര്‍ണ ഐഫോണ്‍ നഷ്ടപ്പെട്ടു! ആരെങ്കിലും അത് കണ്ടാല്‍ ദയവായി സഹായിക്കൂ. എത്രയും വേഗം എന്നെ ബന്ധപ്പെടുക! സഹായിക്കാൻ കഴിയുന്ന ആരെയെങ്കിലും ടാഗ് ചെയ്യുക’-ഉര്‍വശി ട്വീറ്റ് ചെയ്തു. ഐഫോണുകളാണ് കൂടുതലും മോഷ്ടിക്കപ്പെട്ടത്. 24 പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിലാണ് ഉര്‍വശിയുടെ പരാതി. ‘നരേന്ദ്ര മോദി സ്റ്റേഡിയം ഗേറ്റ് നമ്ബര്‍ ഒന്നിന് പുറത്തുവെച്ച് എന്റെ ഐഫോണ്‍ നഷ്ടപ്പെട്ടു. ആരോ എന്റെ ബാഗില്‍നിന്ന് അത് മോഷ്ടിച്ചു. എന്റെത് മാത്രമല്ല, ഇന്നത്തെ മത്സരത്തിന് ശേഷം നൂറുകണക്കിന് ആളുകള്‍ക്ക് ഫോണുകള്‍ നഷ്ടപ്പെട്ടു. ഇത് ദയനീയമാണ്. ഗേറ്റില്‍ അരാജകത്വമായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആരുമില്ലായിരുന്നു. ഒരു നല്ല ദിവസം മോശമായ കുറിപ്പില്‍ അവസാനിച്ചു!’ -ഇഷാൻ യാദവ് എന്നയാള്‍ എക്സില്‍ എഴുതി.
മോഷ്ടിച്ച സാധനങ്ങളുടെ നഷ്ടം കണക്കാക്കിയും മറ്റു തെളിവുകള്‍ അടിസ്ഥാനമാക്കിയും പരാതികള്‍ വന്നിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ രംഗത്തുവരാൻ സാധ്യതയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോദി സ്റ്റേഡിയത്തിന് സമീപത്തുനിന്ന് പ്രതികളെന്ന് സംശയിക്കുന്ന 55ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐ.എം.ഇ.ഐ നമ്ബറിന്റെ സഹായത്തോടെ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലായിരുന്നു മത്സരം.