തേനി: തമിഴ്നാട് പൊലീസിന്റെ പക്കലുള്ള ഇരുപത്തിയഞ്ച് ശതമാനം വാഹനങ്ങളും ഉപയോഗയോഗ്യമല്ലെന്ന് റിപ്പോർട്ട്. ഇതോടെ 1,188 വാഹനങ്ങളുടെ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി.ഇവയിൽ കാറുകൾ, എസ്യുവികൾ, ആഡംബര കാറുകൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ഉൾപ്പെടും.
15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കണമെന്ന ചട്ടപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷൻ പതുക്കലിന് സമീപിച്ചപ്പോഴാണ് നടപടി. കഴിഞ്ഞ 6 മാസത്തിനിടെയിൽ 1,188 വാഹനങ്ങളുടെ രജിസ്ടേഷനാണ് ഇത്തരത്തിൽ റദ്ദായിട്ടുള്ളത്. വാഹനങ്ങൾ മാറ്റി പുതിയവ നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ശങ്കർ ജിവാൾ സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തയച്ചിട്ടുണ്ട്.ലോക്സഭാ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചതിനാൽ സുരക്ഷാ ചുമതല, പട്രോളിംഗ്, ക്രമസമാധാന പാലനം,
പൊതുപ്രശ്നങ്ങൾക്കുള്ള അടിയന്തര പരിഹാരം തുടങ്ങിയവയ്ക്ക് വാഹനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 2,250 ഇരുചക്രവാഹനങ്ങൾ, 715 ജീപ്പുകൾ, 460 വാനുകൾ, 150 മിനിബസുകൾ, 130 ട്രക്കുകൾ, 31 ആംബുലൻസുകൾ, 80 കാറുകൾ എന്നിവയ്ക്കുള്ള രജിസ്ട്രേഷനാണ് പൊലീസിന് നഷ്ടമായത്.