സംസ്ഥാനത്ത് ഡീസല്‍ വില്പനയിലെ കുറവു പരിശോധിക്കാൻ നികുതി വകുപ്പിനു നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില്പനയിലെ കുറവു പരിശോധിക്കാൻ നികുതി വകുപ്പിനു നിര്‍ദേശം. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു ധനമന്ത്രി കെ.എൻ.
ബാലഗോപാല്‍ വിളിച്ച വരുമാനദായക വകുപ്പുകളുടെ യോഗത്തിലാണു ഡീസല്‍ വില്പന കുറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കാൻ നിര്‍ദേശിച്ചത്.
ഡീസല്‍ വില്പനയില്‍ നാലു ശതമാനത്തിന്‍റെ കുറവുണ്ടായതായാണു യോഗത്തിലെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിനു രണ്ടു രൂപ വീതം സെസ് എര്‍പ്പെടുത്താൻ കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനു ശേഷം പെട്രോള്‍, ഡീസല്‍ വില്പനയില്‍ കുറവു രേഖപ്പെടുത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ഉയര്‍ന്ന വിലയാണ് കേരളത്തില്‍ ഈടാക്കുന്നത്. ഇതിനാല്‍, ചരക്കുലോറികളും വാഹനങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ഡീസല്‍ അടിക്കുന്നതും ഡീസല്‍ കടത്തുന്നതും വ്യാപകമായിരുന്നു.
ബജറ്റ് ലക്ഷ്യങ്ങള്‍ നേടാൻ വരുമാനദായക വകുപ്പുകളുടെ ശ്രമമുണ്ടാകണമെന്നു മന്ത്രി നിര്‍ദേശിച്ചു. പരമാവധി വിഭവസമാഹരണം ഉറപ്പാക്കണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു. ഭൂമിയുടെ തരംമാറ്റല്‍ അപേക്ഷകളുടെ തീര്‍പ്പാക്കല്‍ അടക്കമുള്ള നടപടികളുടെ വേഗത വര്‍ധിപ്പിക്കുമെന്ന് റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.
വനംവകുപ്പിന്‍റെ 28 ഡിപ്പോകളിലായി ശേഖരിച്ചിട്ടുള്ള തടിയുടെ വില്‍പന നടപടി വേഗത്തിലാക്കുമെന്നു വനം വകുപ്പ് ഉറപ്പു നല്‍കി. പ്രതികൂല കാലാവസ്ഥ, ഇത്തരം നടപടികള്‍ക്കു തടസമായി. 150 കോടി രൂപയുടെ തടികളാണു നിലവില്‍ ഡിപ്പോകളിലുള്ളത്.
ഇതോടൊപ്പം അടുത്ത ബജറ്റിലേക്കുള്ള വിവിധ വകുപ്പുകളുടെ ഫലപ്രദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു.