സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്‌കരിച്ചു; ഇനി മുതല്‍ റേഷന്‍ വിതരണം രണ്ടുഘട്ടമായി

October 23, 2023
36
Views

സംസ്ഥാനത്തെ റേഷൻവിതരണ രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻവിതരണ രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. വിവിധ വിഭാഗങ്ങള്‍ക്ക് രണ്ടുഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ റേഷൻ നല്‍കുക.

മുൻഗണനവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം.

ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്‌ക്കാനും ലക്ഷ്യമിട്ടാണു നടപടി. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികള്‍ പറയുന്നത്. 15-നു മുൻപ്‌ റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എൻ.പി.ഐ. റേഷൻകാര്‍ഡുകള്‍ നിലവിലുണ്ട്. ഇവരുടെ റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *