അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24ന് ക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ട്രസ്റ്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട് ക്ഷണം അറിയിച്ചിരുന്നു. ട്രസ്റ്റിന്റെ ക്ഷണം താൻ സ്വീകരിക്കുന്നതായും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമദേവന്റെ പ്രാണപ്രതിഷ്ഠ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി ചെയര്‍പേഴ്സണായ നൃപേന്ദ്ര മിശ്ര, മൂന്ന് നിലകളുള്ള ക്ഷേത്ര സമുച്ചയത്തിന്റെ താഴത്തെ നില ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു 2020 ഓഗസ്റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്.
2019ല്‍ അയോദ്ധ്യയിലെ തര്‍ക്കവിഷയമായ രാമജന്മഭൂമിയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാമെന്നും, പകരം സുന്നി വഖഫ് ബോര്‍ഡിന് പുതിയൊരു പള്ളി പണിയാൻ അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.