ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത് 2.06 ടണ്‍ മണ്ണും പൊടിപടലവും ഉയര്‍ത്തിവിട്ട്.
ബംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത് 2.06 ടണ്‍ മണ്ണും പൊടിപടലവും ഉയര്‍ത്തിവിട്ട്.
പേടകം ഇറങ്ങിയ ചന്ദ്രോപരിതലത്തിന്റെ 108.4 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് പൊടിയും മണ്ണും അകന്നുമാറിയത്. ഇതിനെ ‘ഇജക്റ്റാ ഹേലോ’ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഇതോടെ ചന്ദ്രന്റെ ഈ ഭാഗം കൂടുതല്‍ വെളിച്ചമുള്ളതായി. പേടകം ഇറങ്ങിയതിന്റെ വിശകലനവിവരങ്ങള്‍ നാഷനല്‍ റിമോട്ട് സെൻസിങ് സെന്റര്‍ (എൻ.ആര്‍.എസ്.സി) ആണ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ വിവരങ്ങള്‍ ചന്ദ്രന്റെ സ്വഭാവം സംബന്ധിച്ച തുടര്‍ പഠനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുമ്ബോഴുള്ള കാര്യങ്ങള്‍ പരിശോധിക്കാനായി പേടകത്തിലെ ഹൈറെസല്യൂഷൻ കാമറയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.
വിക്രം ലാൻഡ് ചെയ്യുന്നതിന്റെ മുമ്ബും ശേഷവുമുള്ള ചിത്രങ്ങള്‍ കാമറ ഒപ്പിയിരുന്നു. ഇവ വിശകലനം ചെയ്ത ശേഷമാണ് ഐ.എസ്.ആര്‍.ഒ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്ന് പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍നിന്നും എല്‍.വി.എം 3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്.
ഭൂമിയില്‍നിന്ന് 3,84,000 കിലോമീറ്റര്‍ സഞ്ചരിച്ച് ആഗസ്റ്റ് 23നാണ് റോവര്‍ ഉള്‍പ്പെടുന്ന ലാൻഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. എല്ലാ ദൗത്യങ്ങളും പൂര്‍ത്തിയാക്കിയ ലാൻഡറിനെയും റോവറിനെയും ചന്ദ്രനില്‍ രാത്രിയായതോടെ സെപ്റ്റംബര്‍ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തിനുശേഷം ചന്ദ്രനില്‍ സൂര്യൻ ഉദിച്ചപ്പോള്‍ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാധ്യമായില്ല.