മുഖ്യമന്ത്രിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

November 4, 2023
33
Views

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച സമിതി റിപ്പോര്‍ട്ട് പഠിക്കാന്‍ തിടുക്കത്തില്‍ മന്ത്രിസഭാ ഉപസമിതി


ന്യൂദല്‍ഹി:
 സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിച്ച സമിതി റിപ്പോര്‍ട്ട് പഠിക്കാന്‍ തിടുക്കത്തില്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം.

സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന കേസില്‍ ഉപസമിതിയെ നിയോഗിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്ബ് സമര്‍പ്പിച്ച പുനഃപരിശോധനാ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കാത്ത സര്‍ക്കാര്‍, സുപ്രീംകോടതി നടപടികളെ മറികടക്കാനല്ലേ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. നവം. 10ന് ചീഫ് സെക്രട്ടറി വി. വേണു നേരിട്ടു ഹാജരായി വിശദീകരിക്കാനും കോടതി ഉത്തരവിട്ടു.

സുപ്രീംകോടതി നടപടികളെ ലാഘവത്തോടെ കാണരുതെന്ന് ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബെഞ്ച് മുഖ്യമന്ത്രിയെ താക്കീതു ചെയ്തു. കോടതി വിമര്‍ശനം സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകരോടല്ലെന്നും മുഖ്യമന്ത്രിയോടു തന്നെയാണെന്നും കോടതി വ്യക്തമാക്കി. മന്ത്രിസഭാ രേഖകളുടെ പരിധിയില്‍ വരുന്നതാണെന്നു പറഞ്ഞ് റിപ്പോര്‍ട്ട് അനിശ്ചിതമായി രഹസ്യമാക്കിവയ്‌ക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വെള്ളിയാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് പകര്‍പ്പ് ഹര്‍ജിക്കാരനായ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിനു നല്കിയാല്‍ ചീഫ് സെക്രട്ടറി ഹാജരാകേണ്ട.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാ റിപ്പോര്‍ട്ട്, ഹര്‍ജിക്കാരായ ജോയിന്റ് കൗണ്‍സിലിന് കൈമാറാത്തത് കോടതിയെ രോഷം കൊള്ളിച്ചു. റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതി പഠിക്കുന്നതിനാല്‍ പകര്‍പ്പു നല്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ ഇന്നലെ അറിയിച്ചു. പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്ന് കോടതി നേരത്തേ സംസ്ഥാനത്തോട് വാക്കാല്‍ നിര്‍ദേശിച്ചതാണ്. ഹര്‍ജിക്കാര്‍ക്ക് പകര്‍പ്പു നല്കുന്നില്ലെങ്കില്‍ കോടതിയില്‍ നേരിട്ടു ഹാജരാക്കാനും ബെഞ്ച് നിര്‍ദേശിച്ചു.

2021 ഏപ്രില്‍ 30നു ലഭിച്ച റിപ്പോര്‍ട്ടിനെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞദിവസത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇന്നലെ കേസെടുക്കുന്നതിനു മുമ്ബായി മന്ത്രിസഭാ യോഗം ചേര്‍ന്ന് ഉപസമിതിയെ പ്രഖ്യാപിച്ചത് കോടതിയുടെ അനിഷ്ടത്തിനു കാരണമായി. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ ആശങ്ക. 2013 ഏപ്രില്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ഇതിനെതിരേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാരുടെ ശക്തമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഇവര്‍ നല്കിയ റിപ്പോര്‍ട്ട് പുറത്തുവിടാത്തതാണ് പ്രശ്നം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *