54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബര്‍ 20 ന് ആരംഭിക്കും.
പനാജി: 54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബര്‍ 20 ന് ആരംഭിക്കും. നവംബര്‍ 20-ന് കൊടിയേറുന്ന ചലച്ചിത്രമേള 28 ന് സമാപിക്കും.
പല ഭാഷകളില്‍ നിന്നായി 270 ലധികം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തിരഞ്ഞെടുക്കപ്പെട്ടവയില്‍ 13 സിനിമകള്‍ ലോക പ്രീമിയറുകളാണ്. ‘ഇന്ത്യന്‍ പനോരമ’ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും.
സ്റ്റുവര്‍ട്ട് ഗട്ട് സംവിധാനം ചെയ്ത’കാച്ചിങ് ഡസ്ട്’എന്ന ഇംഗ്ലീഷ് സിനിമയാണ് ഉദ്ഘാടന ചിത്രം. ‘എബൗട്ട് ഡ്രൈ ഗ്രസ്സെസ്’ എന്ന ടര്‍ക്കിഷ് ചിത്രമായിരിക്കും മധ്യമേളാ ചിത്രം. അമേരിക്കന്‍ സിനിമയായ ‘ദി ഫെദര്‍ വെയ്റ്റ്’ ആണ് സമാപന ചിത്രം. വ്യത്യസ്ത മേളകളില്‍ അവാര്‍ഡുകള്‍ നേടിയ 19 ചിത്രങ്ങള്‍ കാലിഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
സംവിധായകരും, സിനിമാറ്റോഗ്രാഫര്മാരുമുള്പ്പെടെ നിരവധി ചലച്ചിത്ര പ്രതിഭകള്‍ പങ്കെടുക്കുന്ന 20 ഓളം ‘മാസ്റ്റര്‍ ക്ലാസ്’ ‘ഇന്‍ കോണ്‍വെര്‍സേഷന്‍’ സംവാദ സദസ്സുകളുണ്ടാകും. ഈ വര്‍ഷത്തെ ‘സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം’ ലോകസിനിമയില്‍ മഹത്തായ സംഭാവനകള്‍ നല്കിയ മൈക്കല്‍ ഡഗ്ലസിന് നല്‍കുമെന്ന് തീയതി പ്രഖ്യാപിക്കവെ മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.