കേരളത്തിലെ സര്‍വ്വ തൊഴില്‍ മേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം പ്രകടമാണ്. അതിഥി തൊഴിലാളികള്‍ ഇല്ലെങ്കില്‍ കേരളത്തിലെ പല തൊഴില്‍ മേഖലകളും നിലച്ചുപോകുമെന്ന അവസ്ഥയാണ് നിലവില്‍. ആദ്യ കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരുന്നു അതിഥി തൊഴിലാളികള്‍ക്ക് പ്രാതിനിധ്യം.
കാലം മുന്നോട്ട് പോകുന്നതിന് അനുസൃതമായി സര്‍വ്വ മേഖലകളിലും അതിഥി തൊഴിലാളികളെ ചേര്‍ത്തു നിറുത്തുന്ന കാഴ്ചയാണ് കേരളത്തില്‍. ഒടുവില്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ആവശ്യമായി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് സംസ്ഥാനത്തെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.
പത്തനംതിട്ട തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ഡുല്‍ന കപ്യാരായി ജോലി നോക്കുന്നത്. അതും അഞ്ച് വര്‍ഷമായി. 120ലധികം വര്‍ഷം പഴക്കമുള്ള ദേവാലയത്തിലെ ഇടവക ശുശ്രൂഷകനാകാന്‍ ആളെ ലഭിക്കാത്തതാണ് പ്രകാശിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഝാര്‍ഖണ്ഡിലെ പ്രകാശിന്റെ കുടുംബം ക്രൈസ്തവമത വിശ്വാസികളാണ്.