യുദ്ധാനന്തരം ഗാസയില്‍ അധിനിവേശം നടത്തുന്നതിനെതിരേ ഇസ്രയേലിനു മുന്നറിയിപ്പു നല്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ.
ടോക്കിയോ: യുദ്ധാനന്തരം ഗാസയില്‍ അധിനിവേശം നടത്തുന്നതിനെതിരേ ഇസ്രയേലിനു മുന്നറിയിപ്പു നല്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ.
ജപ്പാനില്‍ ജി-7 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞാല്‍ ഇസ്രയേലിനായിരിക്കും ഗാസയുടെ സുരക്ഷാ ചുമതലയെന്നു പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
എന്നാല്‍, ഇസ്രയേല്‍ വീണ്ടും ഗാസയില്‍ അധിനിവേശം നടത്തുമെന്നു കരുതുന്നില്ലെന്ന് ബ്ലിങ്കൻ വിശദീകരിച്ചു. വീണ്ടുമൊരു ഭീകരാക്രമണം ഒഴിവാക്കേണ്ടതിനാല്‍ ഹമാസും ഗാസയെ ഭരിക്കാൻ പാടില്ല. ഗാസയെ വെസ്റ്റ് ബാങ്കുമായി ഏകീകരിച്ച് പലസ്തീൻ സര്‍ക്കാര്‍ വേണം ഭരണം നടത്താൻ.
യുദ്ധാനന്തരം ഗാസയുടെ ഭാവി സംബന്ധിച്ച അമേരിക്കൻ നിലപാടാണു ബ്ലിങ്കൻ വിശദീകരിച്ചതെന്നു കരുതുന്നു. ഗാസയിലെ പലസ്തീനികളെ നിര്‍ബന്ധിച്ചു കുടിയിറക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലത്തും യുദ്ധത്തിനുശേഷവും കുടിയറക്കാൻ പാടില്ല.
യുദ്ധം കഴിഞ്ഞാല്‍ ഭീകരവാദത്തിനോ അക്രമത്തിനോ ഗാസയില്‍ സ്ഥാനമുണ്ടാകരുത്. ഗാസയ്ക്കു നേര്‍ക്ക് ഉപരോധമുണ്ടാകരുത്. ഗാസാഭൂമി പിടിച്ചെടുക്കരുത്. ഇസ്രലികളും പലസ്തീനികളും തുല്യ അവകാശത്തോടെ സ്വന്തം രാജ്യത്തു വസിക്കുന്നതാണ് സ്ഥിരസമാധാനത്തിനുള്ള വഴി- ബ്ലിങ്കൻ കൂട്ടിച്ചേര്‍ത്തു.