ഇന്ത്യയെ സുരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടൻ

November 10, 2023
29
Views

സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍.

ലണ്ടൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താനുള്ള നടപടിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍.

അനധികൃതമായി ബ്രിട്ടനിലെത്തുന്നവരെ അതിവേഗം തിരിച്ചയക്കുന്നതിനൊപ്പം അഭയം തേടുന്നതിനുള്ള അവസരം ഇല്ലാതാക്കുന്നതുമാണ് നടപടി.

കഴിഞ്ഞ ദിവസം പൊതുസഭയില്‍ അവതരിപ്പിച്ച കരട് ബില്ലില്‍ ഇന്ത്യക്കൊപ്പം ജോര്‍ജിയയും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്തെ കുടിയേറ്റ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യാജ അവകാശവാദങ്ങളിലൂടെ കുടിയേറ്റ സമ്ബ്രദായം ദുരുപയോഗിക്കുന്നത് തടയാനും നിയമം ഉപകരിക്കുമെന്ന് യു.കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിസ്ഥാനപരമായി സുരക്ഷിതമായ രാജ്യങ്ങളില്‍നിന്ന് അപകടകരവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ ആളുകള്‍ ബ്രിട്ടനില്‍ അഭയം തേടുന്നത് അവസാനിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാൻ പറഞ്ഞു. രാജ്യത്ത് കഴിയാൻ അവകാശമില്ലാത്തവരെ പുറത്താക്കാൻ പട്ടിക വിപുലപ്പെടുത്തുന്നത് സഹായിക്കും.

അനധികൃതമായി എത്തുന്നവര്‍ക്ക് രാജ്യത്ത് തുടരാൻ കഴിയില്ലെന്ന ശക്തമായ സന്ദേശവുമാണ് ഇത് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് ചാനലിലൂടെ അപകടകരമായ രീതിയില്‍ അഭയാര്‍ഥികളെയും കൊണ്ടുള്ള ബോട്ടുകള്‍ ബ്രിട്ടന്റെ തീരങ്ങളിലെത്തുന്നത് തടയാൻ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. പീഡനം നേരിടാനുള്ള സാധ്യത ഇല്ലാതിരുന്നിട്ടും ഇന്ത്യയില്‍നിന്നും ജോര്‍ജിയയില്‍നിന്നുമുള്ള ചെറുബോട്ടുകള്‍ എത്തുന്നത് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *